കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട 6 കോടിയിലധികം വിലമതിക്കുന്ന കൊക്കൈനുമായി കെനിയൻ പൗരൻ പിടിയിൽ

കൊച്ചിയിൽ വൻ മയക്ക്മരുന്ന് വേട്ട. 6 കോടിയിലധികം വിലമതിക്കുന്ന കൊക്കൈനുമായി കെനിയൻ പൗരൻ മിഷേൽ എൻഗംഗ ആണ് പിടിയിലായത്. 668 ഗ്രാം കൊക്കയിൻ ആണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. കാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങിയാണ് ഇയാള്‍ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. 19 ആം തീയ്യതിയാണ് ഇയാളെ പിടികൂടിയതെങ്കിലും ഇന്നലെയാണ് റിമാൻഡ് ചെയ്തത്. ഇയാള്‍ വിഴുങ്ങിയ ഗുളികകൾ പുറത്തെടുക്കാൻ ആറ് ദിവസമെടുത്തു. ഇതേ തുടർന്നാണ് കോടതിയിൽ ഹാജരാക്കാൻ വൈകിയത്. 50 മയക്കുമരുന്ന് കാപ്സ്യൂളുകളാണ് പ്രതി വിഴുങ്ങിയത്.

നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നി ഡി.ആർ.ഐ നടത്തിയ പരിശോധനയിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്. എത്യോപ്പിയയിൽ നിന്നാണ് ഇയാൾ വരുന്നതെന്നാണ് വിവരം. സമീപകാലത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്.

അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ടയാണ് ഇന്നലെ നടന്നത്. ഒരു കോടി രൂപയുടെ സ്വർണവുമായി തിരുവനന്തപുരം സ്വദേശിയെ കസ്റ്റംസ് പിടികൂടി. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. 1.48 കിലോ ഗ്രാം തൂക്കം വരുന്ന സ്വർണമാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് ആഭ്യന്തര വിപണിയിൽ ഒരു കോടി 5 ലക്ഷം രൂപ മൂല്യം വരും.