കേരളം അധികം വൈകാതെ ശവപ്പറമ്പാകും, ജോലി കിട്ടാനില്ല, വിദ്യാർത്ഥികളെല്ലാം നാടുവിട്ട് പോകുന്നു, സലീം കുമാർ

തൊടുപുഴ : കേരളത്തിലെ യുവജനങ്ങൾ എല്ലാം വിദേശത്ത് പോകുന്നു. അവരുടെ തലച്ചോറ് മറ്റ് രാജ്യങ്ങൾ ഉപയോ​ഗിക്കുന്നു. കേരളത്തിൽ ജോലി ലഭിക്കുന്നില്ല എന്നതുകൊണ്ടാണ് വ്യാപകമായി കുട്ടികൾ വിദേശത്തേക്ക് കടക്കുകളയുന്നത്. കേരളത്തിലെ സ്ഥിതി പരിതാപകരമെന്ന് നടൻ സലീം കുമാർ.
പഠിപ്പുള്ളവരൊക്കെ വിദേശത്ത് പോയ ശേഷം നാട്ടിൽ കുറേ വേയ്‌സ്റ്റുകൾ മാത്രമാണ് ബാക്കിയെന്നും സലീം കുമാർ വിമർശിച്ചു. തൊടുപുഴയിൽ സംഘടിപ്പിച്ച ഒരു പരിപാടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാനഡയിലേയ്‌ക്കും യുകെയിലേയ്‌ക്കുമെല്ലാം കേരളത്തിൽ നിന്ന് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടുകയാണ്. അവർ പഠിക്കാനെന്ന് പറഞ്ഞാണ് പോകുന്നത്. എന്നാൽ, ആ പോയവരാരും കേരളത്തിലേയ്‌ക്ക് തിരിച്ചു വരുന്നില്ല. അവിടെ ജോലി ചെയ്ത് ജീവിക്കുകയാണ്. മലയാളി എന്നുള്ള ബന്ധം ഇതോടെ തീരുകയാണ്. നാട്ടിൽ തൊഴിലില്ലാത്തതിന്റെ പേരിലാണ് ഇവർ നാടുവിട്ട് പോകുന്നത്. ഒരു നഴ്‌സിന് കൂടി പോയാൽ ഇരുപതിനായിരം അല്ലെങ്കിൽ മുപ്പതിനായിരം രൂപയാണ് കേരളത്തിൽ കിട്ടുന്നത്. എന്നാൽ, ഒന്നു കടൽ കടന്നാൽ രണ്ടും മൂന്നും ലക്ഷമാണ് ശമ്പളം.

അവർ പോകാതിരിക്കുമോ. ആരിവിടെ നിൽക്കും നക്കാപിച്ച പൈസക്ക്. പഠിപ്പുള്ളവരൊക്കെ വിദേശത്ത് പോയിട്ട് നാട്ടിൽ കുറേ വെയ്‌സ്റ്റുകൾ മാത്രം ബാക്കിയാകും. അവരുടെ തലച്ചോറ് നമ്മുടെ നാടിന് വേണ്ടി വിനിയോഗിക്കേണ്ടതാണ്. കേരളത്തിൽ നല്ല ഒരു ജോലി കിട്ടാനില്ല, നല്ല ശമ്പളമില്ല, നല്ല വിദ്യാഭ്യാസം നൽകുന്നില്ല, വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ പൈസ കൂടുതൽ. പഠിച്ചവന് ഇവിടെ ജോലിയില്ല. സ്വജനപക്ഷപാതമാണ് ഇവിടെ നടക്കുന്നത്. സ്വന്തം ആൾക്കാരെ കുത്തിക്കയറ്റുന്നു. ഇങ്ങനെ പോകുകയാണെങ്കിൽ ഒരു ശവപ്പറമ്പായി മാറും ഈ കൊച്ചു കേരളം. അതിന് വലിയ താമസമില്ല- സലീം കുമാർ പറഞ്ഞു.