അച്ഛന്റെ മാറോടണഞ്ഞ് കുഞ്ഞ്അബി​ഗേൽ, കുട്ടിയെ പിതാവിന് കൈമാറി

കൊല്ലം ∙പ്രാർത്ഥനകൾക്ക് ഫലം കണ്ടു. കാത്തിരിപ്പിന്റെയും കണ്ണുനീരിന്റേയും 20 മണിക്കൂറുകൾ. ഒടുവിൽ കുഞ്ഞ്അബി​ഗേൽ അച്ഛന്റെ കരങ്ങളിൽ. അച്ഛന്റെ മാറോട് ചേർന്നു കിടക്കുന്ന അബി​ഗേൽ കാഴ്ചക്കാരുടെ കണ്ണുകളെ ഈറനണിയിച്ചു. ഉറങ്ങാതെയുള്ള പ്രാർത്ഥന സന്തോഷക്കണ്ണീരായി. എആർ ക്യാംപിൽ വെച്ചാണ് അബി​ഗേലിനെ പിതാവായ റെജിയ്ക്ക് കൈമാറിയത്.

കൊല്ലം ആശ്രാമം മൈതാനത്തുനിന്നാണ് ഉപേക്ഷിച്ച നിലയില്‍ ഇന്ന് ഉച്ചയോടെയാണ് അബിഗേലിനെ കണ്ടെത്തിയത്. എസ്എൻ കോളജിലെ വിദ്യാർഥികളാണ് കുട്ടിയെ ആദ്യം കണ്ടത്. ആദ്യം കണ്ടപ്പോൾ ഒരു സ്ത്രീയും ഒപ്പമുണ്ടായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. കൊല്ലം ഈസ്റ്റ് പൊലീസിന്റെ സംരക്ഷണയിലായിരുന്ന കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വൈദ്യപരിശോധനയ്ക്കുശേഷം വീട്ടിലെത്തിക്കും. അബിഗേല്‍ അമ്മയുമായി വിഡിയോ കോളിൽ സംസാരിച്ചു. അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയവർക്കായി തിരച്ചിൽ തുടരുന്നു. കുട്ടിയെ ഉപേക്ഷിച്ചശേഷം ഇവർ കടന്നുകളഞ്ഞുവെന്നാണ് വിവരം.

സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ രേഖാചിത്രവും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. കൊല്ലം വേളമാനൂരിലൂടെയും കല്ലുവാതുക്കലിലൂടെയും കാർ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വീടുകളടക്കം പൊലീസ് കയറി പരിശോധിച്ചു. പാരിപ്പള്ളിയിലെ കടയിൽ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. പൊലീസ് സംഘം അബിഗേലിന്റെ വീട്ടിലെത്തി പിതാവ് റെജിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. അപ്പൂപ്പൻപാറയിലെ ക്വാറിയിലുൾപ്പെടെ സമീപ പ്രദേശങ്ങളിലെ ക്വാറികളിലും െപാലീസ് തിരച്ചിൽ നടത്തിയിരുന്നു.