വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ മരിച്ചു, ഇപ്പോള്‍ അമ്മയും, മുന്നോട്ടുള്ള ജീവിതം എന്തെന്നറിയാതെ മൂന്ന് മക്കള്‍

കൊച്ചി: വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ മരിച്ചു ഇപ്പോള്‍ അമ്മയും. ഇതോടെ മൂന്ന് കുട്ടികളാണ് അനാഥത്വത്തിലേക്ക് വിധി വലിച്ചെറിഞ്ഞത്. ഇടപ്പള്ളി ബിടിഎസ് റോഡില്‍ പരേതനായ സുധീര്‍ എസ് മേനോന്റെ ഭാര്യ ലതയും മരിച്ചതോടെയാണ് മൂന്ന് മക്കള്‍ അനാധരായത്. പതിനഞ്ച് വയസുള്ള സ്വാതിയും അനുജന്മാരായ ഇരട്ടക്കുട്ടികളായ കൃഷ്ണ, കാര്‍ത്തിക് എന്നിവരുമാണ് ആരോരുമില്ലാതായത്.

ലതയുടെ മരണത്തിന് വഴിവെച്ചത് തലയിലെ രക്തധമനികള്‍ പൊട്ടിയതായിരുന്നു. സുധീറിന്റെയും ലതയുടെയും മാതാപിതാക്കളും ഇപ്പോള്‍ ജീവനോടെയില്ല. കുട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. ഇപ്പോള്‍ സുധീറിന്റെ അനുജന്റെ വീട്ടിലാണ് മൂവരും. എന്നാല്‍ താത്കാലിക സംരക്ഷണമൊരുക്കാനെ അദ്ദേഹത്തിനാകൂ.

ഇടപ്പള്ളി പയസ് ഗേള്‍സ് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണു സ്വാതി. ഇടപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ് കൃഷ്ണയും കാര്‍ത്തികും. ലതയുടെ അപ്രതീക്ഷിത വിയോഗത്തോടെ നന്നായി പഠിക്കുന്ന മൂവരുടെയും പഠനവും പ്രതിസന്ധിയിലായി. കാക്കനാട്ട് വീട് വാടകയ്ക്ക് എടുത്താണ് മക്കള്‍ക്കൊപ്പം ലത താമസിച്ച് വന്നത്. സുധീറിന്റെ മരണശേഷം ട്യൂഷന്‍ നടത്തി ലഭിക്കുന്ന തുച്ഛമായ വരുമാനത്താലാണ് ഇവര്‍ ജീവിതം തള്ളി നീക്കിയിരുന്നത്.

മക്കളെ ഒറ്റയ്ക്ക് വീട്ടിലാക്കി ജോലിക്ക് പോകാനാവാത്തതിനാല്‍ വീട്ടില്‍ തന്നെ ഇരുന്ന് ജോലി ചെയ്യാന്‍ ലത തീരുമാനിക്കുകയായിരുന്നു. പലപ്പോഴും ബന്ധുക്കളും സുഹൃത്തുക്കളും പ്രതിസന്ധിഘട്ടങ്ങളില്‍ സഹായിക്കാറുമുണ്ട്. ലതയുടെ മരണത്തോടെ കുട്ടികളുടെ തുടര്‍ന്നുള്ള ജീവിതം എങ്ങെനെ ആകുമെന്ന ആശങ്ക ബന്ധുക്കള്‍ക്കും അടുപ്പമുള്ളവര്‍ക്കുമുണ്ട്. ടി.ജെ.വിനോദ് എംഎല്‍എയുടെയും കൗണ്‍സിലറുടെയും നേതൃത്വത്തില്‍ ഇവര്‍ക്കായി കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനമായിട്ടുണ്ട്.