കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിയുമ്പോള്‍

കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞുവെന്ന വാര്‍ത്ത പല രീതിയിലാണ് ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ആരോഗ്യ പരമായ കാരണങ്ങളാല്‍ അവധി അനുവദിക്കണമെന്ന അപേക്ഷ പരിഗണിച്ചാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനമെന്നാണ് വിശദീകരണമെങ്കിലും ബിനീഷ് കോടിയേരിക്കെതിരായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി എന്നത് ഒഴിവാക്കാനാവാത്ത് കാരണമാണ്.

ആരോഗ്യപരമായ കാരണങ്ങളാല്‍ അവധി അനുവദിക്കണമെന്ന അപേക്ഷ സ്വീകരിച്ചാണ് തീരുമാനമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റും തുടര്‍ചികിത്സയ്ക്കായാണ് രാജി വെച്ചതെന്ന് കോടിയേരി ബാലകൃഷ്ണനും വിശദീകരണം നല്‍കുന്നുണ്ടെങ്കിലും ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത പശ്ചാത്തലവും അതേത്തുടര്‍ന്നുള്ള ആരോപണങ്ങളും ബാക്കിനില്‍ക്കുകയാണ്. ബീനീഷ് കോടിയേരിയുടെ പേരിലുള്ള കള്ളപ്പണക്കേസില്‍ കൂടുതല്‍ തെളിവുകളും വാര്‍ത്തകളും പുറത്തുവരുന്ന സാഹചര്യത്തിലാണ് ചികിത്സ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണന്‍ അവധിയില്‍ പ്രവേശിക്കുന്നതെന്ന വസ്തുത കൂടുതല്‍ ശ്രദ്ധേയമാണ്.

മക്കളുടെ സാമ്പത്തിക തിരിമറികളും അതേത്തുടര്‍ന്നുണ്ടായ വിവാദങ്ങളുമൊക്കെയാണ് ഇപ്പോള്‍ അച്ഛന്റെ പദവി നഷ്ടപ്പെടുന്നതിലേക്ക് എത്തിച്ചതെന്ന് തന്നെയാണ് യഥാര്‍ത്ഥ വസ്തുത. നേരത്തെ മൂത്ത മകന്‍ ബിനോയ് കോടിയേരിക്കെതിരെ ആരോപണങ്ങളും അന്വേഷണങ്ങളും ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ തന്നെ കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്നാണ് വിവരം. എന്നാല്‍ പാര്‍ട്ടി ഇക്കാര്യം നിഷേധിക്കുകയായിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ മകന്റെ പേരിലും സാമ്പത്തിക തിരിമറിയും കള്ളപ്പണക്കേസുമൊക്കെ വരികയും എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് നേരിടേണ്ടി വരികയും കൂടി ചെയ്തതോടെ ഇതെല്ലാം കോടിയേരിയുടെ പദവി നഷ്ടത്തിലേക്ക് എത്തിച്ചു എന്നുവേണം കരുതാന്‍.

2018ല്‍ മൂത്ത മകന്‍ ബിനോയിക്കെതിരെ ദുബായില്‍ സാമ്പത്തിക തട്ടിപ്പിന് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതും 2019ല്‍ ബിനോയിക്കെതിരെ പീഡന പരാതിയുമായി ബീഹാര്‍ സ്വദേശിനിയായ യുവതി രംഗത്തെത്തിയതും കോടിയേരിക്ക് സൃഷ്ടിച്ച തലവേദന ചെറുതൊന്നുമല്ല. തന്റെ കുഞ്ഞിന്റെ അച്ഛന്‍ ബിനോയ് കോടിയേരിയാണെന്നും യുവതി അവകാശപ്പെട്ടിരുന്നു. ഈ കേസിന്റെ നൂലാമാലകള്‍ ഇനിയും തീര്‍ന്നിട്ടില്ല. 2021 ല്‍ കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ബാക്കി സംഭവവികാസങ്ങളെക്കുറിച്ച് അറിയാന്‍ കഴിഞ്ഞേക്കും.

അടുത്തടുത്ത രണ്ട് വര്‍ഷങ്ങളിലായി വന്നുകൊണ്ടിരുന്ന ആരോപണ പെരുമഴകളും വിവാദങ്ങളും ഏറെക്കുറെയൊന്ന് കെട്ടടങ്ങിയെന്ന് കരുതിയ സമയത്താണ് അതിലും വലിയ കുരുക്കുമായി രണ്ടാമന്‍ ബിനീഷ് കോടിയേരി രംഗപ്രവേശനം ചെയ്യുന്നത്. ഇവിടെ പിടിച്ചു നില്‍ക്കാന്‍ കാരണങ്ങളൊന്നുമുണ്ടായില്ല. അന്വേഷണം കൃത്യവും ശക്തവുമായതും എന്‍ഫോഴ്‌സ്‌മെന്റ് കടുകിട വിട്ടുകൊടുക്കാതെ മുറുകെപ്പിടിച്ചതും എല്ലാം തകര്‍ത്തു. ഓരോ തവണയും പ്രതിപക്ഷം രാജി ആവശ്യപ്പെട്ടപ്പോള്‍ പലവിധ ന്യായങ്ങളാല്‍ പിടിച്ചുനിന്നെങ്കിലും ഒടുവില്‍ തീര്‍ത്തും പ്രതിരോധത്തിലായെന്ന് കണ്ടപ്പോള്‍ കളമൊഴിഞ്ഞു എന്നു വേണം കരുതാന്‍. സ്വന്തം പേരില്‍ അഴിമതികളൊന്നും ഇല്ലാതിരുന്നിട്ടും രാജ്യത്തെ പ്രബലമായൊരു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാന്‍ മക്കള്‍ കാരണക്കാരായത് വിധിവൈപരീത്യം.

ഈ പ്രായം വരെയും മന്ത്രിയെന്ന നിലയിലൊ വ്യക്തിയെന്ന നിലയിലൊ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലൊ ചീത്തപ്പേരുകള്‍ ഒന്നും കേള്‍പ്പിക്കാതിരുന്ന കോടിയേരി ബാലകൃഷ്ണന് അധികാര പദവിയില്‍ നിന്ന് ഇങ്ങനെ നിസ്സാരമായി ഇറങ്ങിപ്പോകേണ്ടി വന്നതിന് മക്കള്‍ കാരണക്കാരായി എന്നത് പറയാതെ വയ്യ. 2018ലും 2019ലും മൂത്ത മകനും 2020 ല്‍ രണ്ടാമത്തെ മകനും അച്ഛന് നല്‍കിയ പ്രഹരം മാരകമായിപ്പോയെന്നതാണ് സത്യം. മകന്റെ തെറ്റിന് അച്ഛന്‍ കുറ്റക്കാരനാവില്ലെന്നും അതിന്റെ പേരില്‍ പാര്‍ട്ടി നടപടി സ്വീകരിക്കേണ്ട കാര്യമില്ലെന്നുമൊക്കെ സിപിഐഎം നേരത്തെ വാദിച്ചിരുന്നുവെങ്കിലും സ്വന്തം തല കുനിഞ്ഞുപോയതിന്റെ പേരില്‍ ന്യായീകരണങ്ങളില്‍ പിടിച്ചു നില്‍ക്കാതെ കോടിയേരി ബാലകൃഷ്ണന്‍ എന്ന അച്ഛന്‍ രാജി വെക്കുന്നു എന്നു വേണം കരുതാന്‍.

തദ്ദേശ തെരഞ്ഞെടുപ്പും അടുത്ത വര്‍ഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള നിര്‍ണായക ഘട്ടത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നത്. 2015 ല്‍ ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലാണ് പിണറായി വിജയന്റെ പിന്‍ഗാമിയായി കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. പിന്നീട് 2018 ല്‍ കോഴിക്കോട് സമ്മേളനവും കോടിയേരി സെക്രട്ടറിയായി തുടരാന്‍ തീരുമാനിച്ചു.