കെ എസ്ആര്‍ടിസി യൂണിയനുകളെ ഹൈക്കോടതി പൂട്ടി, സമരം നിർത്തണം

 

കൊച്ചി/ സമരങ്ങള്‍ നിര്‍ത്തിവെക്കാൻ തൊഴിലാളി യൂണിയനുകളോട് ഹൈക്കോടതിയുടെ നിർദേശം. കെ എസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകള്‍ക്ക് വെള്ളിയാഴ്ച ഹൈക്കോടതിയുടെ രൂക്ഷ വിമർശനമാണ് കേൾക്കേണ്ടി വന്നിരിക്കുന്നത്. സമരങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് കെഎസ്ആര്‍ടിസിയിലെ യൂണിയനുകളോട് ഹൈക്കോടതി പറഞ്ഞു. കുറച്ചു കാലത്തേക്ക് യൂണിയന്‍ പ്രവര്‍ത്തനങ്ങളും ഒഴിവാക്കണം. ശമ്പള വിഷയത്തിലെ ഹര്‍ജി പരിഗണിക്കണമെങ്കില്‍ സമരം നിര്‍ത്തണമെന്നു കോടതി ആവശ്യപ്പെടുകയായിരുന്നു.

ശമ്പളം കൃത്യമായി നല്‍കണമെന്ന ഉത്തരവ് സംഘടനകള്‍ സഹകരിച്ചില്ലെങ്കില്‍ പിന്‍വലിക്കുമെന്ന മുന്നറിയിപ്പും കോടതി നൽകുകയുണ്ടായി. ഭരണപക്ഷ യൂണിയന്‍ സമരം നടത്തുന്നത് ക്രെഡിറ്റ് കിട്ടാനാണോയെന്നും കോടതി ചോദിക്കുകയുണ്ടായി. എന്തിനായിരുന്നു മനുഷ്യപൂട്ട് സമരം നടത്തിയതെന്നും കോടതി ചോദിച്ചു.

കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന് മുന്നിലെ സമരം നിര്‍ത്തിവെക്കാൻ പറഞ്ഞ കോടതി, കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്നും, ഒരു ദിവസം കൊണ്ട് അത്ഭുതം പ്രതീക്ഷിക്കരുതെന്നും പറയുകയുണ്ടായി. ധര്‍ണ നിര്‍ത്തിയിട്ട് വരൂ, വാദം കേല്‍ക്കാമെന്നും ഹൈക്കോടതി പറഞ്ഞു. തുടർന്ന് സമരം നിര്‍ത്താമെന്ന് തൊഴിലാളി യൂണിയനുകള്‍ ഹൈക്കോടതിയെ അറിയിക്കുകയാ യിരുന്നു. ഓഫീസിന് മുന്നില്‍ സമരങ്ങള്‍ ഉണ്ടാകില്ലെന്ന യൂണിയനുകളുടെ ഉറപ്പ് കോടതി രേഖപ്പെടുത്തി.