PFI നിരോധനം ശരിവെച്ച് യുഎപിഎ ട്രിബ്യൂണല്‍, കേന്ദ്ര തീരുമാനത്തിന് നിയമസാധുത

ന്യൂ ഡൽഹി . പോപ്പുലര്‍ ഫ്രണ്ട്ഓഫ് ഇന്ത്യ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ച് യുഎപിഎ ട്രിബ്യൂണല്‍. ട്യൂബ്യൂണല്‍ അധ്യക്ഷനും ദല്‍ഹി ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ്മയുടേതാണ് സുപ്രധാന വിധി. ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് ട്രിബ്യൂണല്‍ പോപ്പുലര്‍ ഫ്രണ്ട്ഓഫ് ഇന്ത്യ നിരോധന വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നത്. ഉത്തരവോടെ കേന്ദ്രത്തിന്റെ തീരുമാനത്തിന് നിയമസാധുതയായി. ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ്മ ഫെബ്രുവരി 28നാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി നിയമിതനാവുന്നത്.

ഒരു സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കൊണ്ടുള്ള വിജ്ഞാപനം ഇറങ്ങി 30 ദിവസത്തിനുള്ളില്‍ യുഎപിഎ നിയമപ്രകാരം ട്രിബ്യൂണല്‍ രൂപീകരിക്കണം. ഹൈക്കോടതി ജഡ്ജിയാകണം ട്രിബ്യുണലിന്റെ അധ്യക്ഷ സ്ഥാനത്തുണ്ടാകേണ്ടതെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് അനുസരിച്ചാണ് ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ്മയെ ട്ര്യിബ്യൂണല്‍ അധ്യക്ഷനായി നിയമിക്കുന്നത്.

ട്രിബ്യൂണല്‍ PFIക്ക് രേഖാമൂലം കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിരുന്നു. എന്തുകൊണ്ട് നിരോധിക്കരുത് എന്നതിന് വ്യക്തമായ കാരണം സംഘടന അറിയിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം ഖണ്ഡിക്കുന്നതായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിരത്തിയ തെളിവുകള്‍. ഇതു പരിഗണിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് നിരോധം യുഎപിഎ ട്രിബ്യൂണല്‍ ശരിവെക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെപ്റ്റംബര്‍ 28നാണ് യുഎപിഎയുടെ സെക്ഷന്‍ 3(1) ഉപയോഗിച്ച് പിഎഫ്‌ഐയെയും അനുബന്ധ സംഘടനകളെയും അഞ്ച് വര്‍ഷത്തേക്ക് നിരോധിക്കുന്നത്. തീവ്രവാദ സംഘടനകളുമായുള്ള ബന്ധവും തീവ്രവാദ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തവും ചൂണ്ടികാട്ടിയായിരുന്നു ഉത്തരവ്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്), ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എഐഐസി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്ആര്‍ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള സംഘടനകളെയാണ് കേന്ദ്രം നിരോധിക്കുന്നത്.