ഹിന്ദുത്വത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റ് ; കന്നഡ നടൻ ചേതൻ അറസ്റ്റിൽ

ബെംഗളൂരു : ഹിന്ദു മതവികാരത്തെ വൃണപ്പെടുത്തുന്ന രീതിയിൽ ട്വീറ്റ് ചെയ്ത കന്നഡ നടന്‍ ചേതന്‍ അഹിംസ (ചേതന്‍ കുമാര്‍) അറസ്റ്റില്‍. ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലാണെന്ന ട്വീറ്റിന്റെ പേരിലാണ് ശേഷാദ്രിപുരം പോലീസ് ചൊവ്വാഴ്ച നടനെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 20 നടൻ ഈ രീതിയിൽ ട്വീറ്റ് ചെയ്തത്.

തുടർന്ന് ശിവകുമാര്‍ എന്നയാള്‍ ഇതിനെതിരെ പരാതിപ്പെടുകയായിരുന്നു. ഹിന്ദുക്കളുടെ വികാരങ്ങളെ വൃണപ്പെടുത്തിയെന്നും സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനുള്ള പ്രകോപനം സൃഷ്ടിച്ചെന്നും ആരോപിച്ചാണ് കേസ്. ചേതൻ കുമാറിനെ കോടതിയില്‍ ഹാജരാക്കി.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295എ, 505(2) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സവര്‍ക്കര്‍, ബാബറി മസ്ജിദ്, ഉറി ഗൗഡ, നഞ്‌ജെ ഗൗഡ എന്നിങ്ങനെയുള്ള ഉദാഹരണങ്ങളും ട്വീറ്റില്‍ പറയുന്നുണ്ട്. ഹിന്ദുത്വയെ തോല്‍പിക്കാന്‍ സത്യത്തിനു മാത്രമേ കഴിയൂ എന്നും തുല്യത എന്നതാണ് ആ സത്യം എന്നും ട്വീറ്റില്‍ വ്യക്തമാക്കുന്നു.