കുത്തിവെപ്പെടുത്ത ആറു വയസുകാരന്‍ മരിച്ചു; തമിഴ്‌നാട്ടിൽ വ്യാജ വനിതാഡോക്ടര്‍ അറസ്റ്റില്‍

ചെന്നൈ: പനിക്ക് കുത്തിവെപ്പെടുത്ത ആറു വയസുകാരന്‍ മരിച്ചു. തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലാണ് സംഭവം. ഇതേ തുടർന്ന് സ്വകാര്യ ക്ലിനിക്കിലെ വനിതാ ഡോക്ടറായ കാതറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ വ്യാജ ഡോക്ടറാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. രാജപാളയം സ്വദേശി മഹേശ്വരന്റെ മകന്‍ കവി ദേവനാഥനാണ് മരിച്ചത്.

പനി ബാധിച്ച ദേവനാഥനെ നവംബര്‍ നാലിനാണ് പിതാവ് മഹേശ്വരന്‍ കാതറിന്റെ ക്ലിനിക്കിലെത്തിച്ചത്. കുത്തിവെപ്പെടുത്ത് വീട്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെ കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. കാലില്‍ നീരും കഠിനമായ വേദനയും അനുഭവപ്പെട്ടതോടെ പിതാവ് കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്ന് പാരസിറ്റമോള്‍ കുത്തിവെപ്പെടുത്തു. എന്നാല്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുട്ടി കുഴഞ്ഞു വീണു.

കുട്ടിയെ ഉടന്‍തന്നെ രാജപാളയം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് കാണിച്ച് മഹേശ്വരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസും ആരോഗ്യവകുപ്പും അന്വേഷണം നടത്തിയത്. കാതറിന്‍ കുത്തിവെപ്പ് നല്‍കിയ ഭാഗത്തുണ്ടായ അണുബാധയാണ് കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണമെന്നാണ് കണ്ടെത്തൽ.

ഇതിന്റെ അടിസ്ഥാനത്തില്‍ കാതറിന്റെ ക്ലിനിക്കില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ വ്യാജ ഡോക്ടറാണെന്നും പോലീസ് കണ്ടെത്തി. നിരവധി മരുന്നുകളും ക്ലിനിക്കില്‍നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.