വിഷം കഴിച്ച് വീട്ടമ്മ ഭർത്താവിനും നൽകി, വീട്ടമ്മ മരിച്ചു, ഭർത്താവ് ഗുരുതരാവസ്ഥയിൽ

കാഞ്ഞങ്ങാട്. വിഷം ഉള്ളിൽ ചെന്ന് വീട്ടമ്മ മരിച്ചു. ഭർത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഭർത്താവിന് വിഷം നൽകിയ ശേഷം വീട്ടമ്മ വിഷം കഴിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. കാഞ്ഞങ്ങാട് ആണ് സംഭവം. വയനാട് സ്വദേശിനിയായ രമ (44) ആണ് മരിച്ചത്. ഭര്‍ത്താവ് ജയപ്രകാശ് നാരായണനാണ് (45) ഗുരുതരാവസ്ഥ യിലുള്ളത്. കാഞ്ഞങ്ങാട് വാടകവീട്ടിൽ താമസിച്ച് വരികയായിരുന്നു ഇവർ. ഭാര്യ തനിക്ക് വിഷം നൽകുകയായിരുന്നുവെന്ന് ജയപ്രകാശ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരോട് പറഞ്ഞിട്ടുണ്ട്.

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനു സമീപം കൊവ്വല്‍ എ.കെ.ജി. ക്ലബിനടുത്തെ വീട്ടില്‍നിന്ന് ജയപ്രകാശ് 108 ആംബുലന്‍സില്‍ വിളിക്കുകയായിരുന്നു. താനും ഭാര്യയും വിഷം കഴിച്ചെന്നും ഉടൻ വരണമെന്നുമായിരുന്നു ജയപ്രകാശ് അറിയിച്ചത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ രമ മരിച്ചു. ഏഴുവര്‍ഷമായി കാഞ്ഞങ്ങാട് വാടകവീട്ടില്‍ താമസിക്കുന്നു ഇവർ. കാഞ്ഞങ്ങാട്ടെ ഒരു ഹോട്ടലിലാണ് ജയപ്രകാശ് ജോലി ചെയ്തു വന്നിരുന്നത്.

ചികിത്സയ്ക്ക് മുന്നോടിയായി ജയപ്രകാശ് ഡോക്ടർമാരോട് പറഞ്ഞതിങ്ങനെ: ‘ഭാര്യ എനിക്ക് വെളുത്ത ഒരു പൊടി തന്നു. ഞാന്‍ അത് കഴിച്ചു. അല്‍പം കഴിഞ്ഞപ്പോള്‍ എനിക്ക് ഛര്‍ദിയുണ്ടായി. അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. ഭാര്യയോട് എന്താണ് തന്നതെന്ന് ചോദിച്ചപ്പോള്‍ വിഷമാണെന്നും താന്‍ നേരത്തേ കഴിച്ചിട്ടുണ്ടെന്ന് പറയുകയും ചെയ്തു. അപ്പോള്‍തന്നെ ആംബുലന്‍സിനായി വിളിച്ചു’.