സംസ്ഥാനത്ത് നാളെ ലോക്ക്ഡൗണ്‍; ബുധനാഴ്ച മുതല്‍ മാളുകള്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കൂ. ഹോട്ടലുകളില്‍ ഓണ്‍ലൈന്‍ ഡെലിവറി അനുവദിക്കും.അതേസമയം ഷോപ്പിങ് മാളുകള്‍ ബുധനാഴ്ച മുതല്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒന്‍പതു മണിവരെ വരെ തുറക്കാന്‍ ശനിയാഴ്ച ചേര്‍ന്ന കൊവിഡ് അവലോകനയോഗം അനുമതി നല്‍കി.

നിലവിലെ ഉത്തരവുപ്രകാരം സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജരാവാനുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകുന്നുണ്ടോ എന്ന് മേലധികാരികള്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മറ്റു ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നും ഉറപ്പു വരുത്തണം. കര്‍ക്കടക വാവായ നാളെ വീടുകളില്‍ തന്നെ പിതൃതര്‍പ്പണച്ചടങ്ങുകള്‍ നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

അതേസമയം ഓണവും മുഹറവും പ്രമാണിച്ച്‌ പ്രത്യേക ചന്തകള്‍ ബുധനാഴ്ച മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ നടത്തുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ ചന്തകളില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. 2000 വിപണികളാണ് ആകെ ഉണ്ടാവുക.