ലോകായുക്ത ഓർഡിനൻസ് പുതുക്കി ഇറക്കുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് പുതുക്കി ഇറക്കുന്നതിനെപ്പറ്റി ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കും.ഓർഡിനൻസിൻറെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് വീണ്ടും കാബിനറ്റ് പരിഗണനക്കെത്തുന്നത്. സി പി ഐ മന്ത്രിമാർ യോഗത്തിൽ എന്ത് നിലപാടെടുക്കും എന്നുള്ളത് പ്രധാനമാണ്. നേരത്തെ ഓർഡിനൻസ് എതിർപ്പില്ലാതെ അംഗീകരിച്ചതിൽ പാർട്ടി മന്ത്രിമാരെ സി പി ഐ നേതൃത്വം വിമർശിച്ചിരുന്നു.ഓർഡിനൻസ് അംഗീകരിച്ചതിന് ശേഷം ചേർന്ന മന്ത്രിസഭാ യോഗത്തിൽ സി പി ഐ മന്ത്രി കെ രാജൻ പാർട്ടിക്ക് എതിരഭിപ്രായം ഉണ്ടെന്ന് പറഞ്ഞിരുന്നു.

തർക്കത്തിൽ സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച നടത്തുമെന്നറിയിച്ചെങ്കിലും ചർച്ച നടന്നിട്ടില്ല. സി പി ഐ മന്ത്രിമാർ എതിരഭിപ്രായം പറഞ്ഞാലും മിനുട്സിൽ എതിർപ്പ് രേഖപ്പെടുത്തുന്ന പതിവില്ല.മന്ത്രിസഭാ യോഗത്തിന് മുമ്പ് സി പി ഐ നേതൃത്വം വീണ്ടും പാർട്ടി മന്ത്രിമാർക്ക് നിർദേശം നൽകാനും സാധ്യതയുണ്ട്.