എന്റെ ശരീരം എന്റെ മാത്രം സ്വന്തം, അത് എത്തരത്തിൽ കാണിക്കണം എന്നുള്ളത് എന്റെ മാത്രം തീരുമാനം- സയനോര

മലയാളത്തിന്റെ പ്രീയ ഗായികയാണ് സയനോര ഫിലിപ്പ്. ലാൽ ജോസിന്റെ സംവിധാനത്തിൽ 2001ൽ പുറത്തിറങ്ങിയ ‘രണ്ടാം ഭാവം’ എന്ന ചിത്രത്തിലെ ‘മറന്നിട്ടുമെന്തിനോ മനസിൽ തുളുമ്പുന്ന’എന്ന ഗാനവുമായാണ് സയനോര എത്തിയിരിക്കുന്നത്. ഗിത്താറിസ്റ്റായും ഗായികയായും തിളങ്ങിയതിനു ശേഷം സയനോര സംഗീത സംവിധാന രംഗത്തേക്കും ചുവടുവെച്ചിരുന്നു. മലയാളത്തിന്റെ അതിരുകൾക്കപ്പുറത്തേക്കു വളർന്ന്, എ.ആർ റഹ്മാൻ ഉൾപ്പടെയുള്ള സംഗീത മാത്രികർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

കുട്ടിക്കാലം തൊട്ടു നിറത്തിന്റെ പേരിൽ വിവേചനവും ഒറ്റപ്പെടലുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ദുബായിൽ സ്വകാര്യ പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴുള്ള സയനോരയുടെ ലുക്ക് ശ്രദ്ധ നേടിയിരുന്നു. ഇപ്പോളിതാ താന്റെ വിശേഷങ്ങൾ പങ്കിടുകയാണ് താരം, വാക്കുകൾ,

സ്വകാര്യ പുരസ്കാര ദാനചടങ്ങിൽ ഒരു പെർഫോർമർ ആയിട്ടാണ് ഞാൻ ദുബായിൽ എത്തിയത്. ദുബായിൽ പോകുന്നതിന് ഒരു ദിവസം മുൻപാണ് ചടങ്ങിൽ ധരിക്കേണ്ട വസ്ത്രത്തെക്കുറിച്ച് ഞാൻ ആലോചിച്ചത്. കോസർ​ഗോഡുള്ള ജസീലയും അവരുടെ ഭർത്താവും ചേർന്ന് നടത്തുന്ന ജസാഷ് ഡിസൈൻ സ്റ്റുഡിയോയാണ് കുറേകാലമായി എനിക്ക് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു തരാറുള്ളത്. ഈ മനോഹര വസ്ത്രം ജസാഷ് എനിക്ക് ഒരുക്കിത്തന്നു. ഹാൻഡ് വർക്ക് ചെയ്ത ബ്ലൗസിനോടൊപ്പം മാലപോലെകിടക്കുന്ന ഷാളും നെറ്റിന്റെ ലഹങ്കയുമാണ് പെയ്സ്റ്റൽ ഗ്രീൻ നിരത്തിലുള്ള ഈ വസ്ത്രത്തിലുള്ളത്.

വസ്ത്രധാരണത്തിൽ എന്റെ ചിന്താഗതികൾ ഒരുപാടു മാറിയിട്ടുണ്ട്. ഞാൻ എന്താണോ അത് അങ്ങനെ തന്നെ കാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതാണ് എനിക്കിഷ്ടം. വയർ കുറഞ്ഞും കൈകൾ മെലിഞ്ഞും ഇരുന്നാലേ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാൽ കാണാൻ ഭംഗി ഉണ്ടാകൂ എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. പക്ഷേ എന്റെ ശരീരം എന്റെ മാത്രം സ്വന്തമാണ്. അത് എത്തരത്തിൽ കാണിക്കണം എന്നുള്ളത് എന്റെ മാത്രം തീരുമാനവും. സാമൂഹിക വിചാരണ ഉണ്ടാകുമെന്നു കരുതി ഇഷ്ടമുള്ള വസ്ത്രം ഞാനിപ്പോൾ ഒഴിവാക്കാറില്ല. എനിക്കു പ്രിയപ്പെട്ട വസ്ത്രങ്ങൾ ധരിക്കുമ്പോൾ കൂടുതൽ ആത്മവിശ്വാസം തോന്നും’