ലൈംഗിക പീഡനക്കേസ്, വിചാരണക്കോടതിയിൽ കീഴടങ്ങുന്നതിൽ നിന്ന് ഒഴിവാക്കണെമെന്ന് ആവശ്യപ്പെട്ടുള്ള മുൻ ഡിജിപിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: ലൈംഗിക പീഡനക്കേസിൽ വിചാരണക്കോടതിയിൽ കീഴടങ്ങുന്നതിൽ നിന്ന് ഒഴിവാക്കണെമെന്ന് ആവശ്യപ്പെട്ടുള്ള മുൻ ഡിജിപിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ജാമ്യാപേക്ഷ പരിഗണിക്കണമെങ്കിൽ കോടതിക്ക് മുൻപാകെ കീഴടങ്ങണമെന്ന് മദ്രാസ് ഹൈക്കോടതി. ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യവും കോടതി തള്ളി.

ശിക്ഷാ നടപടികൾ താൽക്കാലികമായി നിർത്തിവയ്‌ക്കാനോ വിചാരണക്കോടതിയിൽ കീഴടങ്ങുന്നതിൽ നിന്ന് ഒഴിവാക്കാനോ പറ്റില്ലെന്ന് കേസ് പരിഗണിച്ച ജസ്‌റ്റിസ് എം ദണ്ഡപാണി വ്യക്തമാക്കി. കോടതിയുടെ മുന്നിൽ എല്ലാവരും തുല്യരാണെന്നും ഈ ഹർജിക്കാരന് മാത്രം എന്തിന് പ്രത്യേക പരിഗണന നൽകണമെന്നും കോടതി നിരീക്ഷിച്ചു.

2021ൽ അന്നത്തെ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാജേഷ് ദാസ് വനിതാ ഐപിഎസ് ഓഫീസറെ ലൈം​ഗികമായി പീഡിപ്പിച്ചത്. 2023 ജൂൺ 16 ന് വില്ലുപുരം സിജെഎം രാജേഷ് ദാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്ന് വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. 2024 ഫെബ്രുവരിയിൽ വില്ലുപുരം പ്രിൻസിപ്പൽ ജില്ലാ കോടതി ഇയാളുടെ ശിക്ഷ ശരിവച്ചു.