സുഹൃത്തുക്കൾ കുടുംബം പോലെ, മഞ്ജു വാര്യർക്കൊപ്പം ഭാവനയും സംയുക്തയും

മലയാളത്തിന്റെ പ്രിയനടിമാർ ഒരു ഫ്രെയ്മിൽ. തന്റെ പ്രിയ സുഹൃത്തുക്കളുമൊത്ത് മഞ്ജു വാര്യർ പങ്കുവെച്ച ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ‘ഫ്രണ്ട്സ് ലൈക്ക് ഫാമിലി’ (കുടുംബം പോലെ സുഹൃത്തുക്കൾ) എന്ന് ഹാഷ്ടാഗോടെയാണ് ഭാവനയ്ക്കും സംയുക്ത വർമ്മയ്ക്കുമൊപ്പമുള്ള ചിത്രം നടി പങ്കുവെച്ചത്.

മഞ്ജുവിന്റെ ദീർഘകാല സൗഹൃദങ്ങളിൽ ഉള്ള രണ്ട് വ്യക്തികളാണ് ഭാവനയും സംയുക്ത വർമ്മയും. താര സുന്ദരിമാരുടെ ചിത്രങ്ങൾ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി. നല്ല കൂട്ടുകാരികൾ… സൗഹൃദം എന്നും നിലനിൽക്കട്ടെ എന്നാണ് ഭൂരിഭാ​ഗം ആരാധകരും ആശംസിച്ചത്. സിനിമയിൽ ഭാവനയുടെ ഏറ്റവും പഴക്കമുള്ള സൗഹൃദം മഞ്ജു വാര്യരും സംയുക്ത വർമയുമായിട്ടാണ്.

അതിജീവനം എന്ന വാക്കിന്റെ ഉത്തമ ഉദാഹരണമാണ് ഭാവനയെന്നും തന്റെ ജീവിതത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സൗഹൃദമാണ് അതെന്നും മഞ്ജു വാര്യർ പറഞ്ഞിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ആറ് വർഷത്തിന് ശേഷം ഭാവന വീണ്ടും മലയാളത്തിൻ്റെ വെള്ളിത്തിരയിലേക്ക് തിരികെ എത്തിയത്. ഭാവനയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങായ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. മഞ്ജു വാര്യർ നായികയായെത്തിയ വെള്ളരി പട്ടണം കഴിഞ്ഞ ദിവസമാണ് റിലീസായത്. കുടുംബ പശ്ചാത്തലത്തിലൊരുങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്