ദുരൂഹതകള്‍ നിറഞ്ഞ പ്രേതാലയമായ വനമാലിയിൽ അന്ന് സംഭവിച്ചതെന്ത്? ആറ് മാസം പിന്നിടുമ്പോഴും ദുരൂഹതയുടെ ചുരുളഴിയുന്നില്ല

തിരുവനന്തപുരം : ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരുടെ തൂങ്ങിമരണം ആറ്‌ മാസങ്ങൾ പിന്നിട്ടിട്ടും ചുരുളഴിയാത്ത കഥയായിമാറുന്നു. 2018 ഫെബ്രുവരി ഒന്ന്. തിരുവനന്തപുരത്തെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഒരു കത്ത് കിട്ടി. രാത്രി ഏഴു മണിയോടെ സി.ഐ കത്ത് തുറന്നു നോക്കി. ഞങ്ങൾ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണ്. ഞങ്ങളുടെ മൃതദേഹങ്ങൾ ചീഞ്ഞുപോകുന്നതിന് മുമ്പ് സംസ്കരിക്കണം – കത്തിലെ വാചകങ്ങൾ. കത്തിലെ വിലാസമായ ശാസ്തമംഗലം പണിക്കേഴ്സ് നഗർ റസിഡന്റ്സ് അസോസിയേഷനിലെ വനമാലി എന്ന 43ാം നമ്പർ വീട് തേടി പൊലീസ് പുറപ്പെട്ടു.

പണ്ടെങ്ങോ വാഹനം ഇടിച്ച് പൊളിഞ്ഞ്, മുറ്റത്തെ തെങ്ങില്‍ നിന്നു വീണ തേങ്ങകള്‍, മുട്ടറ്റം വളര്‍ന്നു നില്‍ക്കുന്ന കാട് ദ്രവിച്ചു തീരാറായ ഗേറ്റ്, ഇടിഞ്ഞു പൊളിഞ്ഞ മതിലിനു പകരമായി അടുക്കി വച്ച ഓലക്കെട്ടുകള്‍. നിറം മങ്ങിയ വീടിന്റെ ചുവരുകൾ. കരിനിഴൽ പരന്നപോലെ ഒരു പഴയ കോൺക്രീറ്റ് കെട്ടിടം. ഭിത്തികളും മേൽക്കൂരയും പൊളിഞ്ഞിളകിയിരിക്കുന്നു. മുറ്റമെന്ന് പേരിന് പറയാവുന്ന ഇടത്തിൽ പാഴ്പ്പുല്ലുകളും മാലിന്യങ്ങളും. പിൻവശത്തെ കിണർ കുപ്പത്തൊട്ടിയേക്കാൾ കഷ്ടം.

അടുക്കള ഭാഗത്ത് പാഴ്ത്തൊണ്ടുകളും ചപ്പുചവറുകളും. ഭിത്തികളും ടെറസിന്റെ മൂലകളും മാറാലകെട്ടി, കട്ടപിടിച്ച പൊടി. ഒറ്റനോട്ടത്തിൽ ആൾതാമസമുണ്ടെന്ന് പറയില്ല. മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ പണിക്കേഴ്‌സ് ലെയിനിലെ വീടിന്റെ വിചിത്രമായ കിടപ്പ് ആരെയും അമ്പരപ്പിക്കും. സ്ഥിതിയെന്തെന്നു പശ്ചാത്തലം നോക്കിയാല്‍ മനസ്സിലാകും എന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സംഭവത്തെ വിവരിച്ചത്.ദൂരദര്‍ശന്റെ ഭൂതല സംപ്രേക്ഷണ കാലത്തെ അനുസ്മരിപ്പിക്കുന്ന ആന്റിന വീടിനു മുകളിലുണ്ട്.

സമീപവാസികളോട് പൊലീസ് തിരക്കി. അച്ഛനും അമ്മയും ഒരു മകനും താമസമുണ്ടെന്ന വിവരം ലഭിച്ചു. വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കയറിയ പൊലീസ് കണ്ടത് മൂന്നു മുറികളിലെ ഫാനുകളിലായി തൂങ്ങി ആടുന്ന മൃതദേഹങ്ങൾ. രണ്ടുദിവസത്തെ പഴക്കം. മരിച്ചത് സുകുമാരൻ നായർ (65), ആനന്ദവല്ലി (55), ഏകമകൻ സനാതൻ (30).പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയറായിരുന്നു സുകുമാരൻ നായർ. മകൻ ചാർട്ടേഡ് അക്കൗണ്ടന്റ്.

41 വർഷം മുമ്പാണ് കിളിമാനൂർ സ്വദേശിയായ ആനന്ദവല്ലിയും വിതുര സ്വദേശിയായ സുകുമാരൻ നായരും വിവാഹിതരാകുന്നത്. വിവാഹശേഷം ഒരുവർഷം കഴിഞ്ഞപ്പോൾ മകൻ ജനിച്ചു. സനാതൻ സ്കൂളിൽ പഠിക്കുന്ന കാലത്താണ് അടുത്ത ബന്ധുക്കൾ പോലും കണ്ടിട്ടുള്ളത്.

സി.എ പരീക്ഷ പാസായ വിവരം പോലും മരണ ശേഷമാണ് ബന്ധുക്കളറിയുന്നത്. കുറച്ചു കാലം സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു പിന്നീട് മാതാപിതാക്കൾക്കൊപ്പം വീട്ടിൽ ഒതുങ്ങി.ബന്ധുക്കളുടെ കല്യാണത്തിനോ മരണത്തിനോ കുടുംബം സഹകരിച്ചിരുന്നില്ല. സ്വന്തം അമ്മ മരിച്ച വിവരം അറിഞ്ഞിട്ടും ആനന്ദവല്ലി വീട്ടിലെത്തിയില്ല.

ആരോടും മിണ്ടില്ല. ആരേയും വീട്ടിൽ കയറ്റില്ല. ആഴ്ചയിലൊരിക്കൽ സുകുമാരൻ നായർ ആട്ടോറിക്ഷയിൽ പുറത്ത് പോയി സാധനങ്ങൾ വാങ്ങും. എല്ലാ ദിവസവും രാത്രി 12 നു വീട്ടിനുള്ളില്‍ പൂജയോ പ്രാര്‍ത്ഥനയോ നടക്കാറുണ്ടത്രേ.ശംഖുനാദവും മണിയടി ശബ്ദങ്ങളും പതിവാണ്. തമിഴ്നാട്ടിലും തിരുവനന്തപുരത്തെയും ചില സ്വാമിമാരുടെ ആശ്രമത്തിലെ സ്ഥിരം സന്ദർശകർ. അവിടെ നടക്കുന്ന പൂജകളും മറ്റും വീട്ടിൽ ചെയ്യുക പതിവ്. രാത്രി 12ന് ശേഷം പ്രത്യേക പൂജകളും പ്രാർത്ഥനകളും. അങ്ങനെ കഴിഞ്ഞിരുന്ന കുടുംബമാണ് ഒരുനാൾ നിഗൂഢത ശേഷിപ്പിച്ച് യാത്രയായത്.

മകൻ സന്യാസിയാകുമെന്ന് ഒരു സ്വാമി പ്രവചിച്ചതായി ദമ്പതികൾ മുമ്പ് ചില ബന്ധുക്കളോട് പറഞ്ഞിരുന്നുവത്രേ. ചെറുപ്പത്തിൽ പഠന വൈകല്യമുണ്ടായിരുന്ന മകനുമായി നിത്യവും തലസ്ഥാന നഗരത്തിലെ ഒരു ആശ്രമം സന്ദർശിക്കുമായിരുന്നു. മരിക്കുന്നതിന് ഒരാഴ്ച മുമ്പുവരെ ഈ പതിവ് തുടർന്നു. ഒരു കോടിയോളം വിലവരുന്ന നാലു സെന്റ് വസ്തുവും വീടും 2015ൽ തമിഴ്നാട്ടിലെ ഒരു ആശ്രമത്തിന്റെ പേർക്ക് കുടുംബം എഴുതി വച്ചിരുന്നു. ആശ്രമത്തിലെ ജ്യോത്സ്യൻ സ്വാമി ഇടയ്ക്കിടെ ശാസ്തമംഗലത്തെ വീട് സന്ദർശിച്ചിരുന്നു.

മരണശേഷം വീട്ടിലെ മുറികളിൽ നിന്ന് രണ്ട് കത്തുകളും കവറിൽ കുറേ നാണയങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. സുകുമാരൻ നായർ മരണാനന്തര കർമ്മങ്ങൾക്കാവശ്യമായ മുണ്ട്, ഷീറ്റ് തുടങ്ങിയ സാധനങ്ങളും പണവും മാറ്റിവച്ചിരുന്നു. കന്യാകുമാരി സന്ദശിച്ചപ്പോഴെടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോയും കുറിപ്പുകൾക്കൊപ്പം പൊലീസ് കണ്ടെത്തി. നഗരത്തിലെ ആശ്രമവുമായി ബന്ധപ്പെട്ട ഒരു ഫോട്ടോയിൽ മാലചാർത്തി പൂക്കളർപ്പിച്ച ശേഷമാണ് കുടുംബം ജീവനൊടുക്കിയത്.

തമിഴ്നാട്ടിൽ ഒട്ടേറെ അനുയായികളുള്ള ജ്യോത്സ്യൻ സ്വാമിയെ മ്യൂസിയം പൊലീസ് തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സുകുമാരൻ നായർ തന്റെ ഒരു ഭക്തൻ മാത്രമാണെന്നായിരുന്നു സ്വാമിയുടെ നിലപാട്. കോടിക്കണക്കിന് ആസ്തിയും തമിഴ്നാട്ടിൽ നാല് വീടുമുള്ള തനിക്ക് സുകുമാരൻ നായരുടെ സ്വത്തിന്റെ ആവശ്യമില്ലെന്നും മൊഴി നൽകി. മരണം നടന്ന് ആറുമാസം ആയിട്ടും ദുരുഹത മറനീക്കിയിട്ടില്ല.