നഴ്സുമാര്‍ പ്രളയ ദുരിത ബാധിതര്‍ക്കായി സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുന്നത് 11 ലക്ഷം

തൃശൂര്‍: കേരളത്തില്‍ തുടരുന്ന കനത്തമഴയില്‍ പ്രളയ ദുരിതത്തിലകപ്പെട്ട ജനങ്ങളെ സഹായിക്കാന്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) 11 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിക്കും. ചൊവ്വാഴ്ച മുതല്‍ ദുരിതബാധിത പ്രദേശങ്ങളില്‍ യുഎന്‍എയുടെ നേതൃത്വത്തില്‍ നഴ്സുമാര്‍ സേവനസജ്ജരാകും. അംഗങ്ങള്‍ വഴി ശേഖരിക്കുന്ന അരി, പഞ്ചസാര ഉള്‍പ്പടെ നിത്യോപയോഗ സാധനങ്ങളും പുതപ്പ് അടക്കം വസ്ത്രങ്ങളും അടുത്ത ദിവസങ്ങളിലായി കൈമാറും.

ചൊവ്വാഴ്ച രാവിലെ മുതല്‍ യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ഷ, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ നിലമ്പൂരിലെ ഉള്‍വനത്തിലുള്ള വറ്റിലകൊല്ലി, വെണ്ണക്കോട്, പാലക്കയം ആദിവാസി മേഖലകളില്‍ നഴ്സുമാരുടെ സേവനമുണ്ടാകും. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ അമ്പതോളം നഴ്സുമാര്‍ സംഘത്തിലുണ്ടാകും. മിത്ര ജ്യോതി ട്രൈബല്‍ ഡവലപ്മെന്റ് ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വഴികാട്ടിയാവും.

തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രവര്‍ത്തകര്‍ കുട്ടനാട് മേഖലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ സേവനം നല്‍കും. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള നഴ്സുമാര്‍ ഇതിനകം തന്നെ 1150 കിലോ അരിയും 140 കിലോ പഞ്ചസാരയും തേയിലയും ബിസ്‌കറ്റും ഉള്‍പ്പടെ വിവിധ സാധനങ്ങള്‍ കുട്ടനാട്ടെ ദുരിതബാധിതര്‍ക്ക് കൈമാറിക്കഴിഞ്ഞു.

കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തില്‍ വയനാട്ടെ മാനന്തവാടി, വൈത്തിരി, പനമരം തുടങ്ങിയ ദുരിതബാധിത മേഖലകളിലും നഴ്സുമാര്‍ സഹായങ്ങള്‍ എത്തിക്കും. എറണാകുളം ജില്ലാകമ്മിറ്റി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലും സഹായങ്ങള്‍ നല്‍കും.
സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് യുഎന്‍എ യൂണിറ്റുകള്‍ തീരുമാനിച്ചിരുന്ന ഓണാഘോഷ പരിപാടികള്‍ മാറ്റിവച്ചു. ഇതിനായി സമാഹരിച്ച തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. യുഎന്‍എ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ആഗസ്റ്റ് മാസത്തില്‍ നിശ്ചയിച്ച മുഴുവന്‍ യൂണിറ്റ് സമ്മേളനങ്ങളും മാറ്റിവയ്ക്കാന്‍ തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

ചേര്‍ത്തല കെവിഎം ആശുപത്രിക്ക് മുന്നില്‍ സമരമിരിക്കുന്ന നഴ്സുമാര്‍ക്ക് നല്‍കിവരുന്ന പ്രതിദിന ബത്തയ്ക്ക് പുറമെ, ഓണത്തിന് മുമ്പായി 3000 രൂപ വീതം പ്രത്യേക ഉത്സവബത്ത വിതരണം ചെയ്യും. അപകടം, രോഗം എന്നിങ്ങനെ വിവിധ അവസ്ഥകളില്‍ കഴിയുന്ന യുഎന്‍എ അംഗങ്ങളായ നഴ്സുമാര്‍ക്ക് നല്‍കിവരുന്ന ജീവനാംശ വിതരണം 22 പേരിലേക്ക് ഉയര്‍ത്തി.

യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് അധ്യക്ഷതവഹിച്ചു. ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷ സംഘടനാ റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. രക്ഷാധികാരി വത്സന്‍ രാമംകുളത്ത്, സംസ്ഥാന ട്രഷറര്‍ ബിബിന്‍ എന്‍ പോള്‍, ദേശീയ വൈസ് പ്രസിഡന്റ് ഹാരിസ് മണലുംപാറ, സംസ്ഥാന വൈസ് പ്രസിഡന്റ് രശ്മി പരമേശ്വരന്‍, ജോ. സെക്രട്ടറി ഷിപ്സണ്‍ പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു.

അതേസമയം, കോടികള്‍ പ്രതിഫലം പറ്റുന്ന താരങ്ങളുടെ സംഘടനയായ എഎംഎംഎ 10 ലക്ഷം മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത് സോഷ്യല്‍മീഡിയയില്‍ ഏറെ വിമര്‍ശനത്തിന് കാരണമായിരുന്നു. തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷവും കമല്‍ഹാസന്‍ 25ലക്ഷവും പ്രഖ്യാപിച്ചത് മാതൃകയാക്കി കൂടെയെന്നായിരുന്നു സോഷ്യല്‍മീഡിയയുടെ ചോദ്യം. തമിഴ്താരങ്ങള്‍ മാത്രമല്ല, തെലുങ്ക് പുതുമുഖനടന്‍ വിജയ് ദേവര്‍കൊണ്ടയും സഹായവുമായി രംഗത്തെത്തിയിരുന്നു. നടന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 5 ലക്ഷം രൂപയായിരുന്നു. പിന്നാലെ മോഹന്‍ലാല്‍ 25 ലക്ഷവും മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷം രൂപയും പ്രളയബാധിതര്‍ക്കുള്ള സഹായധനത്തിലേക്ക് സംഭാവന ചെയ്തിരുന്നു.

കേന്ദ്രസര്‍ക്കാരും കേരളത്തോട് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. കേരളം ആവശ്യപ്പെട്ട തുകയുടെ എട്ടിലൊന്ന് മാത്രം അനുവദിച്ച് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പ്രസ്താവന ഇറക്കിയതും സോഷ്യല്‍മീഡിയയെ ചൊടിപ്പിച്ചിരുന്നു. എങ്കിലും കേന്ദ്രത്തിന്റെ അവഗണനയെ കാര്യമാക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിലെ ജനങ്ങള്‍ കൈയ്യയച്ച് സഹായമെത്തിക്കുന്നുണ്ട്. പ്രമുഖ വ്യവസായികളും സാധാരണക്കാരും സാമ്പത്തിക അതിര്‍വരമ്പുകള്‍ സാരമാക്കാതെ പ്രളയബാധിതര്‍ക്ക് താങ്ങായി എത്തിയത് കേന്ദ്രത്തിനുള്ള തക്കതായ മറുപടിയായി.