സഹായ വാഗ്ദാനം നല്‍കി ഉപദ്രവിക്കരുതേ… അപേക്ഷയുമായി പപ്പടമുത്തശ്ശി

തിരുവനന്തപുരം: ചാല മാര്‍ക്കറ്റില്‍ പപ്പടം വിറ്റു കുടുംബം പുലര്‍ത്തുന്ന 87കാരിയായ വസുമതി എന്ന ‘പപ്പട അമ്മൂമ്മ’ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 25 പപ്പടം 20 രൂപയ്ക്ക് എന്ന് വിളിച്ചുപറഞ്ഞ ചാല മാര്‍ക്കറ്റിലായിരുന്നു വസുമതിയമ്മയുടെ പപ്പട വില്‍പ്പന. ’25 പപ്പടം ഇരുപതു രൂപക്ക് വിറ്റിട്ടും ആരും വാങ്ങുന്നില്ല, ഈ അമ്മൂമ്മയെ നമുക്ക് സഹായിക്കാം’ എന്ന കുറിപ്പോടെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ നിമിഷങ്ങള്‍ക്കകം ഹിറ്റായി. എന്നാല്‍ ഇപ്പോള്‍ ഇത് വസുമതിയമ്മയ്ക്ക് തലവേദനയായിരിക്കുകയാണ്.

സംഭവം വൈറലായതോടെ നിരവധിപേര്‍ അമ്മൂമ്മയുടെ വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കി. പലരും സഹായവാഗ്ദാനങ്ങള്‍ നല്‍കി. വസമതിയമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ സഹായമായി എത്തിയെന്നും വാര്‍ത്ത പരന്നു. ഇപ്പോള്‍ പപ്പടം വില്‍ക്കാന്‍ പോകാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് വസുമതിയമ്മ പറയുന്നു.

‘ഇപ്പോള്‍ പപ്പടം വില്‍ക്കാന്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. വാര്‍ത്തയൊക്കെ വന്നു രക്ഷപ്പെട്ടില്ലേ, ഇനി എന്തിനാണ് പപ്പടം വില്‍ക്കുന്നത്? വീട്ടില്‍ സ്വസ്ഥമായി ഇരുന്നുകൂടെ എന്നാണ് സ്ഥിരമായി പപ്പടം വാങ്ങുന്നവര്‍ പോലും ചോദിക്കുന്നത്. കച്ചവടം വളരെ മോശമായി. ഇതുവരെ സഹായമായി ലഭിച്ചത് 6000 രൂപയും രണ്ട് കോടിമുണ്ടുമാണ്.’ വസുമതിയമ്മ പറയുന്നു.

സഹായം വാഗ്ദാനം ചെയ്ത് വസുമതിയമ്മയ്‌ക്കൊപ്പം നിന്ന് സെല്‍ഫി എടുത്ത് സമൂഹമാധ്യമങ്ങളിലിട്ട് ശ്രദ്ധനേടാനായിരുന്നു പലരുടെയും ശ്രമം. ‘സഹായിക്കാം എന്നു പറഞ്ഞ് കുറേപേര്‍ വന്നു. നല്ല മനുഷ്യരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിലര്‍ എനിക്കൊപ്പം നിന്നു ഫോട്ടോ എടുത്തു, പൂര്‍ണമായി എന്നെ ഏറ്റെടുക്കുകയാണെന്നും എന്റെ കയ്യിലെ പപ്പടം മുഴുവന്‍ വാങ്ങുന്നുവെന്നും ഫെയ്‌സ്ബുക്കില്‍ ഇട്ടു. ആരാണ്, എന്താണ് എന്നൊക്കെ 87 കഴിഞ്ഞ ഞാന്‍ എങ്ങനെ അറിയാനാണ്. പിന്നീട് ഇവരുടെ പൊടി പോലും കണ്ടിട്ടില്ല.” വസുമതിയമ്മ പറഞ്ഞു.

ഞാന്‍ ഏത് വിധേനയും ജോലിയെടുത്ത് ജീവിക്കും, ആരുടെയും സഹായം ആവശ്യപ്പെട്ടിട്ടില്ല, ആഗ്രഹിച്ചിട്ടുമില്ല. കോടീശ്വരിയായി, ലക്ഷപ്രഭുവായി എന്നൊക്കെ പറഞ്ഞ് ഉപദ്രവിക്കരുതേ എന്ന് വസുമതിയപ്പ അപേക്ഷിക്കുകയും ചെയ്യുന്നു.