കരുനാഗപ്പള്ളിയിലെ ലാബില്‍ സിനിമാ സ്റ്റൈല്‍ തട്ടിപ്പ്; മാനേജറുടെ സുഹൃത്തെന്ന വ്യാജേന പണം കവര്‍ന്നു

കൊല്ലം: സ്വകാര്യ മെഡിക്കൽ ലാബിൽ നിന്നും ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടിയെടുത്തു. കരുനാഗപ്പള്ളി നീതി ലാബിൽ നിന്നുമാണ് മധ്യവയസ്‌കൻ 8,500 രൂപ കബളിപ്പിച്ച് തട്ടിയെടുത്തത്. സംഭവത്തിൽ ലാബ് അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് 3 മണിയോടെയാണ് സംഭവം. ലാബിൽ തിരക്ക് കുറവായിരുന്നു. ഈ സമയം അവിടെയെത്തിയ മധ്യവയസ്‌കൻ ലാബിലെ ജീവനക്കാരിയായ അജിതയോട് സാറ് വന്നോ എന്ന് ചോദിച്ചു. ഇല്ലാ എന്ന് അജിത മറുപടി നൽകി. പിന്നീട് ചേച്ചി പോയോ എന്നും ചോദിച്ചു. എല്ലാവരെയും അറിയുന്ന പോലെയായിരുന്നു ഇയാളുടെ പെരുമാറ്റം. കുറച്ചു സമയം അവിടെ സംസാരിച്ച നിന്ന ശേഷം ജെയിംസ് എന്നയാൾ 17,000 രൂപയുമായി വരുമെന്നും അത് വാങ്ങി വച്ചേക്കണമെന്നും പറഞ്ഞു. പിന്നീട് ഇയാൾ ജീവനക്കാരിയോട് ചേച്ചിയെ ഒന്നു വിളിക്കട്ടെ എന്ന് പറഞ്ഞ് ഫോണെടുത്ത് കോൾ ചെയ്തു.

അൽപ്പനേരെ സംസാരിച്ച ശേഷം ഇവിടെ കളക്ഷൻ ക്യാഷ് എത്രരൂപ ഉണ്ട് എന്ന് ചോദിച്ചു. 9,000 എന്ന് ജീവനക്കാരി മറപടി നൽകി. ഇക്കാര്യം ഫോണിൽക്കൂടി ഇയാൾ പറഞ്ഞു കൊടുത്തു. എന്നിട്ട് 8,500 രൂപ ഇവിടെ നിന്നും വാങ്ങാം എന്ന് പറഞ്ഞ് ഫോണിൽ സംസാരിച്ചു കൊണ്ട് തന്നെ ജീവനക്കാരിയോട് 8,500 രൂപ തരാൻ പറഞ്ഞു. ജെയിംസ് 17,000 രൂപയുമായി വരുമ്പോൾ അതിൽ നിന്നും പണം എടുത്തിട്ട് ബാക്കി തന്നാൽ മതി എന്ന് പറഞ്ഞ് ഇയാൾ ഇറങ്ങിപ്പോയി.

ഈ സമയം സംശയം തോന്നിയ ജീവനക്കാരി ചേച്ചി എന്ന് എല്ലാവരും വിളിക്കുന്ന ലാബിലെ ജീവനക്കാരിയെ വിളിച്ച് പണം വാങ്ങി ഒരാൾ പോയ വിവരം പറഞ്ഞു. എന്നാൽ അവർ അങ്ങനെ ഒരാളുമായി സംസാരിച്ചിട്ടില്ല എന്നും പണം വാങ്ങാൻ പറഞ്ഞില്ലാ എന്നും പറഞ്ഞതോടെയാണ് കബളിപ്പിക്കപ്പെട്ടു എന്ന് ജീവനക്കാരിക്ക് ബോദ്ധ്യമായത്. ഉടൻ തന്നെ ലാബിൽ ഉണ്ടായിരുന്ന മറ്റൊരു ജീവനക്കാരിയെയും കൂട്ടി പുറത്തിറങ്ങി ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

സിസി ടിവിയുള്ള തൊട്ടടുത്തുള്ള കടയിൽ ഇക്കാര്യം പറയുകയും ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തപ്പോൾ റോഡിന് അപ്പുറത്തേക്ക് ഇയാൾ വേഗത്തിൽ പോകുന്നതായുള്ള ദൃശ്യങ്ങൾ കണ്ടു. തുടർന്ന് വിവരം ലാബ് അധികൃതരോട് ജീവനക്കാരി പറയുകയും അവരുടെ നിർദ്ദേശ പ്രകാരം കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

ലാബിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇയാളുടെ സംസാരമടക്കമുള്ള ദൃശ്യങ്ങൾ ലഭിച്ചെങ്കിലും മാസ്‌ക്ക് ഉപയോഗിച്ചിരിക്കുന്നതിനാൽ മുഖം വ്യക്തമല്ല. കരുനാഗപ്പള്ളി പൊലീസ് സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പുറത്ത് വിട്ടിരിക്കുകയാണ്. ഇയാളെ അറിയാവുന്നവർ പൊലീസിനെ വിവരമറിയിക്കണമെന്ന് സിഐ ഗോപകുമാർ മറുനാടനോട് പറഞ്ഞു. കരുനാഗപ്പള്ളി പൊലീസിനെ ബന്ധപ്പെടാനുള്ള നമ്പർ 0476-2620233, സിഐ 9497987035.

ലാബിലെ ജീവനക്കാരെയും പ്രവർത്തനങ്ങളും കൃത്യമായിട്ടറിയാവുന്നയാളാണെന്ന് കബളിപ്പിക്കപ്പെട്ട ജീവനക്കാരി അജിത മറുനാടനോട് പറഞ്ഞു. എല്ലാ ദിവസത്തെയും കളക്ഷൻ ബാങ്കിൽ അടക്കുന്ന സമയുൾപ്പെടെ ഇയാൾക്കറിയാവുന്ന രീതിയിലായരുന്നു സംസാരം. അതിനാൽ തന്നെ കരുനാഗപ്പള്ളിയിൽ തന്നെയുള്ള ആളാവാനാണ് സാധ്യതയെന്ന് അജിത പറഞ്ഞു. കണ്ടാൽ മാന്യനാണെന്ന് തോന്നുന്ന രീതിയിലായിരുന്നു സംസാരം. ഇത്തരത്തിൽ ഒരു തട്ടിപ്പ് നടക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല എന്നും അവർ പറയുന്നു. കരുനാഗപ്പള്ളി പൊലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.