വാഹനങ്ങൾ കത്തുന്നത് പതിവ്, ഒടുവിൽ കണ്ണ് തുറന്ന് അധികൃതർ, പഠനത്തിനായി വിദഗ്ധ സമിതി

തിരുവനന്തപുരം : കാറുകൾ ഉൾപ്പടെയുള്ള വാഹങ്ങൾക്ക് തീപിടുത്തമുണ്ടാകുന്ന അപകടം സംസ്ഥാനത്ത് പതിവാകുന്നു സാഹചര്യത്തിൽ പുതിയ നീക്കവുമായി ഗതാഗത വകുപ്പ്. സംഭവത്തിൽ വിശദ പഠനത്തിനായി ഗതാഗത വകുപ്പ് വിദഗ്ധ സമിതിയെ രൂപീകരിക്കും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉണ്ടായ അപകടങ്ങളാകും സമിതി പരിശോധിക്കും. ഇന്നും കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിക്കുകയും യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്തതോടെ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

അശാസ്ത്രീയമായ മോഡിഫിക്കേഷനുകൽ ഇത്തരം അപകടങ്ങൾക്ക് ഒരു കാര്യമാണെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനും യോഗത്തിൽ തീരുമാനമായി. വാഹനങ്ങൾ തീപിടിച്ചുണ്ടാകുന്ന അപകട കേസുകൾ സംസ്ഥാനത്ത് കൂടി വരികയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇതിനെക്കുറിച്ച് വിശദമായി പഠിക്കാൻ സർക്കാർ തീരുമാനിച്ചത്.

റോഡ് സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിലാണ് വിദഗ്ധ സമിതി രൂപീകരിക്കുന്നത്. ഇത്രയേറെ അപകടങ്ങൾ സംഭവിക്കുകയും ഗർഭിണിയും ഭർത്താവും കാറിനുള്ളിൽ വെന്തു മരിക്കുന്ന സാഹചര്യം ഉണ്ടായി ട്ടും, ഇതിന് വേണ്ട പരിഹാരം കണ്ടെത്താനോ, അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടിയോ സർക്കാർ എടുത്തിരുന്നില്ല. ഏറെ വിമർശങ്ങൾക്ക് ഒടുവിലാണ് ഗതാഗത വകുപ്പ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്.