ഖലിസ്ഥാന്‍ ഭീകരവാദി ഗുര്‍പദ്വന്ത് സിംഗ് പന്നുവിനെതിരെ കേസെടുത്ത് എന്‍ഐഎ

ന്യൂഡല്‍ഹി. ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പദ്വന്ത് സിംഗ് പന്നുവിനെതിരെ കേസെടുത്ത് എന്‍ഐഎ. എയര്‍ ഇന്ത്യ വിമാനത്തില്‍ ഭീകരാക്രമണം നടത്തുമെന്ന് ആഹ്വാനം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേസ്. നവംബര്‍ 19നാണ് വിമാനത്തില്‍ ഭീകരാക്രമണം നടത്തുമെന്ന് പന്നു പറഞ്ഞത്.

പന്നുവിനെതിരെ 120 ബി, 153എ, 506 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാള്‍ നവംബര്‍ നാലിന് പുറത്തിറക്കിയ വീഡിയോയിലാണ് ആക്രമണം നടത്തുമെന്ന് പറഞ്ഞത്. ഇയാള്‍ മറ്റ് മതസ്ഥരും സിഖുകാരും തമ്മിലുള്ള ശത്രുത വളര്‍ത്തുകയാണെന്നും ഇയാള്‍ അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പറയുന്നതെന്നും എന്‍ഐഎ പ്രസ്താവനയില്‍ പറഞ്ഞു.

നവംബര്‍ 19ന് എയര്‍ ഇന്ത്യയില്‍ ആക്രമണം നടത്തുമെന്നും അതിനാല്‍ സിഖ് വംശജര്‍ വിമാനത്തില്‍ കയറരുതെന്നുമാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. നവംബര്‍ 19ന് ഡയില്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അടച്ച് പൂട്ടണമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.