നിരോധിക്കപ്പെട്ട സംഘടനകളുടെ ശേഷിക്കുന്ന അടിവേരറുക്കാൻ ഒരുങ്ങി എൻ ഐ എ

ന്യൂഡൽഹി. രാജ്യത്തിനകത്തും പുറത്തും ഒരു പോലെ ഇന്ത്യക്ക് ഭീഷണിയായതും നിരോധിക്കപ്പെട്ടതുമായ സംഘടനകളുടെ ശേഷിക്കുന്ന അടിവേരറുക്കാൻ എൻ ഐ എ. ഖാലിസ്താൻ ഭീകരരേയും നിരോധിക്കപ്പെട്ട മറ്റ് ഭീകര സംഘടനകളേയും നിർവീര്യമാക്കാൾ ലക്‌ഷ്യം വെച്ച് ദേശീയ അന്വേഷണ ഏജൻസി വ്യാപമായ തോതിൽ റെയ്‌ഡുകൾ നടത്തുകയാണ്. പഞ്ചാബ്, ജമ്മുകശ്മീർ മേഖലകളിലാണ് ഇപ്പോൾ റെയ്‌ഡുകൾ തുടരുന്നത്.

ഖാലിസ്താൻ ലിബറേഷൻ ഫോഴ്‌സ്, ബബ്ബർ ഖൽസാ ഇന്റർനാഷണൽ, ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ എന്നീ സംഘടനകളെ കേന്ദ്രീകരിച്ചാണ് റെയ്ഡ് വ്യാപകമാക്കിയിരിക്കുന്നത്. യുഎപിഎ വകുപ്പ് 1967 പ്രകാരം 42 സംഘടനകളെയാണ് ആദ്യ ഷെഡ്യൂളിൽപെടുത്തി രാജ്യത്ത് നിരോധിച്ചിട്ടുള്ളത്. സമൂഹത്തിൽ മാന്യന്മാരായി നടക്കുന്ന നിരവധി വ്യക്തികളെ ഭീകരബന്ധത്തിന്റെ പേരിൽ പഞ്ചാബ്, ജമ്മുകശ്മീർ മേഖലകളിൽ എൻ ഐ എക്ക് കണ്ടെത്താനായി. ജമ്മുകശ്മീർ മേഖലയിൽ നിന്ന് കഴിഞ്ഞ രണ്ടു വർഷംകൊണ്ട് റെയ്ഡ് നടത്തുന്ന ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന് വലിയ നേട്ടമാണ് ഇപ്പോൾ അവകാശപ്പെടാനായിട്ടുള്ളത്.

ഭീകരരുടെ സ്ഥിരം കേന്ദ്രങ്ങൾ, സാമ്പത്തിക സ്രോതസ്സുകൾ, ആയുധവും മയക്കുമരുന്നും വിതരണം ചെയ്യുന്ന ശൃംഖലകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് തുടരുന്നത്. പല റെയ്ഡിലുമായി അതിർത്തി കടത്തികൊണ്ടുവന്ന സ്‌ഫോടകവസ്തുക്കൾ, മറ്റ് ആയുധങ്ങൾ, വെടിക്കോപ്പുകൾ, മയക്കുമരുന്ന് എന്നിവ വിവിധ സംസ്ഥാനങ്ങളിലേയ്‌ക്ക് എത്തിക്കുന്നവരെ കണ്ടെത്താനായെന്നും എൻഐഎ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

ബബ്ബർ ഖൽസയെ ഇന്ത്യയ്‌ക്ക് പുറമേ കാനഡ, അമേരിക്ക, ബ്രിട്ടൺ, ജപ്പാൻ, മലേഷ്യ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങൾ നിരോധിച്ചതാണ്. സിഖ് യൂത്ത് ഫെഡറേഷനെ മേൽ പറഞ്ഞ രാജ്യങ്ങളെ കൂടാതെ ഓസ്‌ട്രേലിയയും നിരോധിച്ചിരി ക്കുന്നു. റെയ്ഡുകളിൽ അത്യാധുനിക വാർത്താവിനിമയ ഉപകരണങ്ങൾ, കംപ്യൂട്ടറുകൾ, ദേശദ്രോഹ ലഘുലേഖകൾ, മറ്റ് അന്താരാഷ്‌ട്ര ബന്ധമുള്ള രേഖകൾ എന്നിവയും കണ്ടെടുത്തതായി എൻഐഎ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് റെയ്‌ഡുകൾ നടന്നു വരുന്നത്. ഭീകരർക്ക് അതീവ രഹസ്യമായി സഹായം നൽകുന്ന പലരും സ്ഥിരം കുറ്റവാളികളല്ല എന്നതാണ് പ്രദേശവാസികളെ അമ്പരപ്പിച്ചിരി ക്കുന്നത്.