അരവണ പ്രസാദമല്ല, മൂന്ന് മാസം മുമ്പ് ഉണ്ടാക്കുന്നത്, പമ്പയിൽ വിതരണം ചെയ്താൽ തിരക്ക് കുറയ്ക്കാമെന്ന് ഗണേഷ് കുമാർ

പത്തനംതിട്ട. സന്നിധാനത്തെ തിരക്ക് കുറയ്ക്കാന്‍ അരവണയും അപ്പവും പമ്പയില്‍ വിതരണം ചെയ്യണമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. മകരവിളക്ക് യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാകില്ലെന്നും വാഹനസൗകര്യം സുഗമമാക്കുമെന്നും പോലീസ് ബസ് തടയുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബസിന് മുകളില്‍ കയറിയിരുന്നുള്ള സമരങ്ങള്‍ അനുവദിക്കില്ല. അനാവശ്യ സമരങ്ങളൊന്നും അനുവദിക്കില്ലെന്നും സമരം ചെയ്യാനല്ല ശബരിമലയില്‍ വരുന്നതെന്നും ഗണേഷ് കുമാര്‍. പത്തനംതിട്ടയില്‍ ബസ് തടയാന്‍ പാടില്ല. കെഎസ്ആര്‍ടിസി ബസുകളെ പോലീസ് തടയുന്നത് അനുവദിക്കില്ല. കെഎസ്ആര്‍ടിസി ബസ് കടത്തിവിട്ടാല്‍ മാത്രമാണ് ഭക്തര്‍ക്ക് തിരികെ എത്താന്‍ സാധിക്കുവെന്നും ഗണേഷ് കുമാര്‍.

അരവണയും അപ്പവും പമ്പയില്‍ വിതരണം ചെയ്യണം. മൂന്ന് മാസം മുമ്പാണ് ഇവ നിര്‍മിക്കുന്നത്. ഭഗവാന് നിവേദിക്കുന്ന പ്രസാദമായി താന്‍ അതിനെ കാണുന്നില്ല. ഭഗവാന് മുന്നില്‍ കൊണ്ടുപോയി നിവേദിച്ച് തരുന്നതാണ് പ്രസാദം. മുന്ന് മാസം മുമ്പ് ഉത്പാദിപ്പിക്കുന്ന ഉത്പന്നം താഴെ വിറ്റാല്‍ മതിയെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.