പ്രവാസികള്‍ക്ക് വിദേശത്ത് നിന്ന് വോട്ട് ചെയ്യാന്‍ അവസരം വേണമെന്ന ഹര്‍ജിയില്‍ നോട്ടീസ്

ന്യൂഡല്‍ഹി. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ ബൂത്തിലെത്താതെ വോട്ട് ചെയ്യാന്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചു.

ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നോട്ടീസ് അയച്ചത്. കേരള പ്രവാസി അസോസിയേഷന്‍ എന്ന സംഘടനയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ജനപ്രാതിനിധ്യ നിയമത്തിലെ 2 എ വകുപ്പ് പ്രകാരം പ്രവാസികള്‍ക്ക് ബൂത്തിലെത്താതെ വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.

ബദല്‍ സംവിധാനം ഒരുക്കുന്നത് പഠിക്കുവാന്‍ ഉന്നതതല സമിതി രൂപവത്കരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പ്രവാസികള്‍ക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് വോട്ടവകാശം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പ്രമുഖ വ്യവസായി ഡോ. ഷംസീര്‍ വയലില്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.