ഇനി പണി തലയ്ക്കു മുകളിൽ, സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ എഐ ഡ്രോൺ ക്യാമറകളുമായി എം വി ഡി

കൊച്ചി∙ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെയാണ് സർക്കാരിന്റെ പുതിയ പദ്ധതി. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എഐ ഡ്രോൺ ക്യാമറകളുമായി മോട്ടോർ വാഹന വകുപ്പ്. ഇനി പണി തലയ്‌ക്ക് മുകളിലുമെത്തും. പത്തെണ്ണം വീതം ഒരു ജില്ലയിൽ അനുവദിച്ച് 140 ഡ്രോൺ ക്യാമറകളെങ്കിലും സംസ്ഥാനമൊട്ടാകെ ഉപയോ​ഗിക്കാനാണ് ആ​ദ്യ ശ്രമം. ഭാരമേറിയ എഐ ക്യാമറകൾ ഘടിപ്പിക്കാൻ ശേഷിയുള്ള പ്രത്യേക ഡ്രോണുകൾ നിർമിക്കാൻ വിവിധ ഏജൻസികളുമായി മോട്ടർ വാഹന വകുപ്പു ചർച്ച തുടരുകയാണ്. ഡ്രോണിൽ സ്ഥാപിച്ച എഐ ക്യാമറകൾ മൊബൈൽ യൂണിറ്റുകളായാണു പ്രവർത്തിക്കുക.

കഴിഞ്ഞ മാസം ഇതു സംബന്ധിച്ച് സർക്കാരിന് വകുപ്പ് ശുപാർശ നൽകിയിരുന്നു. തുടർന്ന് സർക്കാർ അനുമതി നൽകുകയായിരുന്നു. എഐ ക്യാമറകൾക്കായി പ്രത്യേക ഡ്രോണുകൾ നിർമ്മിക്കും. ഇതിനായി വിവിധ ഏജൻസികളുമായി ഗതാഗത വകുപ്പ് ചർച്ച നടത്തിയിരുന്നു.

നിലവിൽ എഐ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങൾ വിവിധ ആപ്പുകൾ മുഖേന കണ്ടെത്തി അവിടെ മാത്രം നിയമാനുസൃതം വാഹനം ഓടിക്കുകയും ഈ മേഖല മറികടന്നാൽ നിയമലംഘനം നടത്തുകയും ചെയ്യുന്ന പ്രവണതയ്ക്കു തടയിടാനാണു ഡ്രോൺ എഐ ക്യാമറകൾ. എഐ ക്യാമറകൾ‍ കണ്ടെത്തുന്ന നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസുകളിൽ അപ്പീൽ സമർപ്പിക്കാൻ പോർട്ടൽ ആരംഭിക്കുമെന്നും ശ്രീജിത് പറഞ്ഞു.

എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെയാണ് സർക്കാരിന്റെ പുതിയ പദ്ധതിയ്ക്കെതിരെ ആക്ഷേപമുയരുന്നുണ്ട്. സർക്കാരിന്റെ ധൂർത്തിൽ വലയുന്നത് ജനങ്ങളാണ്. ഓണക്കാലത്ത് സപ്ലൈകോയിിലെ ഭക്ഷ്യക്ഷാമവും കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയും തലവേദനയാകുന്നതിനിടെയാണ് പുത്തൻ എഐ ഡ്രോൺ ക്യാമറ. ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമില്ലെങ്കിൽ സ്വത്ത് വിൽക്കാൻ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു.