രൺജീത്തിന്റെ കൊലപാതകം; ഒരു എസ്ഡിപിഐ ഭാരവാഹി കൂടി പിടിയിൽ

ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജീത് ശ്രീനിവാസനെ വീട് കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ഗൂഢാലോചനയിൽ പങ്കെടുത്ത എസ്ഡിപിഐ ആലപ്പുഴ മുൻസിപ്പൽ ഏരിയ പ്രസിഡന്റ് നൂറുദ്ദീൻ പുരയിടത്തിൽ ഷെർനാസ് ആണ് പിടിയിലായത്.
കൊലപാതകത്തിന്റെ സൂത്രധാരിൽ ഒരാളായ ഇയാളെ കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 19 ആയി.

12 പ്രതികളാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. ഗൂഢാലോചനയിൽ പങ്കെടുത്തവരടക്കം മൊത്തം പ്രതികളുടെ എണ്ണം 25 ലധികം വരുമെന്നാണ് പോലീസിന്റെ നിഗമനം. പ്രതികളിൽ പലരും സംസ്ഥാനം വിട്ടതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു. ഇവരെ പിടികൂടാൻ വൈകിയതിലും കൊലപാതക സംഘത്തിലുണ്ടായിരുന്നവരെ ഇതുവരെ പൂർണമായി പിടികൂടാത്തതിലും ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കിയിരുന്നു.