രണ്ടരക്കോടി വാങ്ങിയിട്ടും പ്രമോഷന് വന്നില്ല, നടൻ കുഞ്ചാക്കോ ബോബനെതിരെ പദ്മിനി നിർമാതാവ്

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ചിത്രമാണ് പദ്മിനി. ജൂലൈ 14 റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. സെന്ന ഹെഗ്‌ഡേ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം അപര്‍ണ ബാലമുരളി, വിന്‍സി അലോഷ്യസ്, മഡോണ സെബാസ്റ്റിയന്‍ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് നിര്‍മാതാവ് കെ വര്‍ക്കി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ചിത്രം റിലീസിനായി തയ്യാറെടുത്തപ്പോള്‍ ഉണ്ടായ കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. നായകനായി അഭിനയിച്ച നടന്‍ 2.5 കോടി വാങ്ങിയെന്നും എന്നാല്‍ ചിത്രത്തിന്റെ പ്രൊമോഷനായി അഭിമുഖങ്ങള്‍ നല്‍കിയില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. നടന്റെ ഭാര്യ നിയമിച്ച മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് ചിത്രം കണ്ട് വിധി പറഞ്ഞതിനാല്‍ എല്ലാ പ്രൊമോഷന്‍ ചാര്‍ട്ടുകളും നിരസിക്കപ്പെടുകയായിരുന്നുവെന്ന് നിര്‍മാതാവ് പറയുന്നു.

നടന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്കും സമാന അവസ്ഥ ഉണ്ടായതായി നിര്‍മാതാവ് ആരോപിക്കുന്നു. നടന്‍ സഹ നിര്‍മാതാവായ ചിത്രങ്ങള്‍ക്ക് ഇങ്ങനെ സംഭവിക്കില്ലെന്നും എന്നാല്‍ മറ്റ് ചിത്രങ്ങള്‍ക്കാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറയുന്നു. 25 ദിവസത്തെ ചിത്രീകരണത്തിന് 2.5 കോടി രൂപ വാങ്ങി. ചിത്രത്തിന്റെ പ്രമോഷനേക്കള്‍ നടന് താല്പര്യം യൂറോപ്പില്‍ പോകുവനാണെന്നും നിര്‍മാതാവ് പറയുന്നു.