ഏഷ്യൻ ഗെയിംസിൽ ഏറെ പിന്നിലായി പാകിസ്താൻ, മെഡൽനേട്ടം മൂന്നിലൊതുങ്ങി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡൽ നേട്ടം കൊയ്യുമ്പോൾ പാകിസ്താൻ ഏറ്റവും മോശപ്പെട്ട പ്രകടനം കാഴ്ചവെച്ച് ഏറ്റവും പിന്നിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഹാങ്‌ചോയിൽ ഒരു വെള്ളിയും രണ്ട് വെങ്കലവുമടക്കം മൂന്ന് മെഡലുകളാണ് പാകിസ്താന്റെ സമ്പാദ്യം. എന്നാൽ ഇത് 2018 ലെ ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടത്തെക്കാൾ കുറവാണ്. കായികരംഗത്തും കുതിക്കാനാകാതെ പതനം നേരിടുകയാണ് രാജ്യം.

ജക്കാർത്തയിൽ ജാവ്‌ലിൻ ത്രോ, കരാട്ടെ, കബഡി, സ്‌ക്വാഷ് വിഭാഗങ്ങളിലായി നാല് വെങ്കലമായിരുന്നു പാക് സംഘത്തിന്റെ സമ്പാദ്യം. ഇത്തവണ അതും നേടാൻ ആയില്ല. സ്‌ക്വാഷിൽ ഇന്ത്യയോട് പരാജയപ്പെട്ട് ഒരു വെള്ളിയും കബഡിയിലും ഷൂട്ടിംഗിലുമായി രണ്ട് വെങ്കലവുമാണ് നേടിയത്. ഇന്ത്യ കുതിച്ചുയരുമ്പോളാണ് പാകിസ്താൻ ഈ പതനം നേരിടുന്നത്.

ഇന്ത്യ ഏഷ്യൻ ഗെയിംസിൽ 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവുമാണ് നേടിയിട്ടുള്ളത്. ഇന്ത്യക്കായി ഇന്നലെ ചെസിൽ പുരുഷ വനിതാ ടീമുകൾ വെള്ളി നേടിയതോടെയാണ് രാജ്യത്തിന്റെ മെഡൽ നേട്ടം 107ലെത്തിയത്. ഇതോടെ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്താണ് ഭാരതം.

28 മെഡലുകളാണ് അത്ലറ്റിക്സിൽ ഇന്ത്യക്കായി താരങ്ങൾ നേടിയത്. 14-ാം ദിനമായിരുന്ന ഇന്നലെ ആറ് സ്വർണമാണ് ഇന്ത്യ സ്വന്തമാക്കിയത്. 1962-ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഇതിന് ശേഷമുള്ള ഇന്ത്യയുടെ ഉയർത്തെഴുന്നേൽപ്പാണ്‌ ഇക്കുറി കാണാനായത്.