ഇറാൻ പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം

ന്യൂഡൽഹി∙ ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം. ഇന്ത്യക്കാർക്കു പുറമേ ഓരോ ഫിലിപ്പീൻസ്, എസ്തോണിയ സ്വദേശികളെയാണ് മോചിപ്പിച്ചത്.

മോചന വാർത്ത ഇറാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. അതേസമയം, കപ്പലിലെ ജീവനക്കാരിൽ 17 പേരെ ഇപ്പോഴും ബന്ദികളാക്കിയിരിക്കുകയാണ്.

ഏപ്രില്‍ 13-നാണ് ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് ഇസ്രായേല്‍ ചരക്കു കപ്പല്‍ പിടിച്ചെടുത്തത്. കപ്പൽ പിടിച്ചെടുക്കുമ്പോൾ 25 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഒരു മലയാളി വനിത ഉൾപ്പെടെ നാല് മലയാളികളടക്കം 17 പേർ ഇന്ത്യക്കാരായിരുന്നു. കപ്പലിലുണ്ടായിരുന്ന ഏക വനിത തൃശ്ശൂര്‍ സ്വദേശിനിയായ ആന്‍ ടെസ ജോസഫിനെ നേരത്തെ വിട്ടയച്ചിരുന്നു.

ഇസ്രയേലുമായി ബന്ധമുള്ള യു.കെ. ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സോഡിയാക് മാരി ടൈമിന്റെ എം.എസ്.സി. ഏരീസ് ചരക്ക് കപ്പലാണ് ഇറാൻ സൈന്യം ഹോർമുസ് കടലിടുക്കിൽ വെച്ച് പിടിച്ചെടുത്തത്.