മോഷ്ടാവായ അനിയന്‍ പണം നല്‍കി, എന്നാല്‍ മറ്റൊരു നന്മയ്ക്ക് ആ പണം വിനിയോഗിച്ച് ഉമ്മര്‍

മോഷ്ടാവിനോട് ഒരിക്കലും ക്ഷമിക്കാനോ പൊറുക്കാനോ ആര്‍ക്കും സാധിക്കില്ല.എന്നാല്‍ ചിലര്‍ മോഷ്ടാക്കള്‍ ആകുന്നത് ജീവിത സാഹചര്യങ്ങള്‍ കൊണ്ട് കൂടിയാണ്.ഭക്ഷണ സാധനങ്ങളും മറ്റും മോഷ്ടിക്കുന്നവര്‍ക്ക് അത് മറ്റൊന്നും ആകില്ല വിശപ്പിന്റെ നിലവിളി കൊണ്ടാകും.അല്ലെങ്കില്‍ ഉറ്റവരുടെ വിശപ്പ് കണ്ട് നില്‍ക്കാന്‍ ആവാതെ വരുമ്പോള്‍ ആകും. ഇത്തരത്തില്‍ ഒരു അനുഭവം വെട്ടത്തൂര്‍ സ്വദേശിയായ കൂത്തുപറമ്പന്‍ വീട്ടില്‍ ഉമ്മറി(46)ന് മുന്നിലുണ്ട്.

ദയവ് ചെയ്ത് പൊരുത്തപ്പെട്ട് തരണം എന്ന് ആപേക്ഷിച്ചാണ് ആ മോഷ്ടാവായ അനിയന്‍ മറഞ്ഞത്. ഇതിനിടെ അനിയന്‍ പണം എത്തിച്ച് കൊടുത്തെങ്കിലും സ്വന്തം ആവശ്യങ്ങള്‍ക്കായി അത് ഉപയോഗിക്കാന്‍ ഉമ്മറിന് മനസ് വന്നില്ല.നഷ്ടപ്പെട്ട സാധനങ്ങള്‍ക്കു പകരം തിരിച്ചു കിട്ടിയ പണം മുഴുവനും വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്നയാള്‍ക്കു നല്‍കാന്‍ ഉമ്മര്‍ തീരുമാനിക്കുകയായിരുന്നു.

സാഹചര്യങ്ങള്‍ മൂലം മോഷ്ടാവായ ആ അനിയന്‍ തെറ്റ് മനസ്സിലാക്കി പ്രായശ്ചിത്തം ചെയ്തതില്‍ ഏറെ സന്തോഷവാനാണ് ഉമ്മര്‍.ആ മനസ്സ് മറ്റുള്ളവര്‍ക്കും ഉണ്ടാകട്ടെ എന്നാണ് ഉമ്മറിന്റെ പ്രാര്‍ത്ഥനയും.ഒരു വര്‍ഷം മുന്‍പാണ് ഉമ്മര്‍ കുളപ്പറമ്പില്‍ ഫാമിലി സ്റ്റോര്‍ എന്ന കട ആരംഭിച്ചത്.കഴിഞ്ഞ മാര്‍ച്ചില്‍ കടയില്‍ മോഷണം നടന്നു.ഓടു പൊളിച്ച് എത്തിയ കള്ളന്‍ കൊണ്ടുപോയത് ഭക്ഷണ സാധനങ്ങളായിരുന്നു.ഓടു പൊളിച്ചു വന്നയാള്‍ കൊണ്ടുപോയതു ഭക്ഷണസാധനങ്ങളല്ലേ എന്ന നിലയ്ക്കു വലിയ കാര്യമാക്കെണ്ട എന്നായിരുന്നു ഉമ്മര്‍ പറഞ്ഞത്.ഇതിനിടെ കള്ളന്‍ പണം തിരികെ എത്തിച്ച് കൊടുത്തിരുന്നു.