കാണാതാകുന്ന കുട്ടികളെ കണ്ടെത്തുവാന്‍ പോലീസ് സ്‌റ്റേഷനില്‍ പാരാലീഗല്‍ വളണ്ടിയര്‍മാരെ നിയമിക്കണം- സുപ്രീംകോടതി

ന്യൂഡല്‍ഹി. കാണാതാകുന്ന കുട്ടികളെ വേഗത്തില്‍ കണ്ടെത്തുവാന്‍ എല്ലാ പോലീസ് സ്‌റ്റേഷനിലും പാരാലീഗല്‍ വളണ്ടിയര്‍മാരെ നിയമിക്കണമെന്ന് സുപ്രീംകോടതി. സ്‌റ്റേഷന്‍ പരിധി നിരീക്ഷിച്ച് എല്ലാ മൂന്ന് മാസം കൂടുമ്പോഴും റിപ്പോര്‍ട്ട് നല്‍കണം. വളണ്ടിയേഴ്‌സായി നിയമിക്കപ്പെടുന്നവര്‍ക്കുള്ള ശമ്പളം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും സുപ്രീംകോടതി പറഞ്ഞു.

ബച്പന്‍ ബച്ചാവോ അന്തോളന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. 2017ന് ശേഷം രാജ്യത്ത് വലിയ തോതില്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നത് വന്‍തോതില്‍ വര്‍ദ്ധിക്കുന്നതായി പോലീസ് കണക്കുകള്ഡ വ്യക്തമാക്കുന്നുവെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

അതേസമയം കാണാതായ കുട്ടികളെക്കുറിച്ചുള്ള കണക്കുകള്‍ ഫയല്‍ ചെയ്യാത്ത സംസ്ഥാനങ്ങളെ സുപ്രീംകോടതി വിമര്‍ശിച്ചു. അതേസമയം കാണാതാകുന്ന കുട്ടികളെ സംബന്ധിച്ച് അന്വേഷിക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ പ്രത്യേക മോണിട്ടറിങ് സെല്‍ രൂപികരിച്ചിട്ടുണ്ടെന്നും ഓരോ പോലീസ് സ്‌റ്റേഷനിലും കുട്ടികലെ സംബന്ധിച്ചുള്ള അന്വേഷണത്തിന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു. 2016 മുതല്‍ 2019 വരെ കേരളത്തില്‍ തട്ടിക്കൊണ്ട് പോയ കുട്ടികളുടെ എണ്ണം 578 ആണ്. കേരളത്തില്‍ ഓരോ ദിവസവും മൂന്ന് കുട്ടികളെ വീതം കാണാതാകുന്നുണ്ട്.