‘മോദിജിയെ തോൽപ്പിക്കാൻ മരിച്ച് പോയ രാഷ്ട്രപിതാവ് തിരിച്ച് എണീറ്റ് വരണം’

തുടർച്ചയായി മൂന്നാം തവണയും ബിജെപി സർക്കാർ അധികാരത്തിൽ വരുന്നത് തടയാൻ കോൺഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികൾ അരയും തലയും മുറുക്കി തല പുകച്ചുള്ള ആലോചനയിലാണ്. നിലവിലെ സാഹചര്യത്തിൽ മോദിയെ പരാജയപ്പെടുത്തുവാൻ ആർക്കെങ്കിലും കഴിയുമോ ? നടക്കാത്ത കാര്യത്തെപ്പറ്റിയുള്ള ചർച്ചയിലാണ് ചിലർ. ഇക്കാര്യത്തിൽ രാഹുൽ ഈശ്വർ പറയുന്നത് ഇങ്ങനെ.

നിലവിലെ സാഹചര്യത്തിൽ മോദിയെ പരാജയപ്പെടുത്താൻ മൂന്ന് ഓപ്ഷനുകളാണ് കോൺഗ്രസിന് മുന്നിലുളളതെന്ന് രാഹുൽ ഈശ്വർ പറയുന്നു. റിപ്പോർട്ടർ ചാനൽ നടത്തിയ ചർച്ചയിലാണ് രാഹുലിന്റെ ഈ പ്രതികരണം. ‘ഇന്ന് നരേന്ദ്ര മോദി – മോഹന്‍ ഭഗവത്, അതായത് ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ടിനെ തോല്‍പ്പിക്കാന്‍ അല്ലെങ്കില്‍ മോദിജിയെ ജയിക്കാന്‍ മൂന്നേ മൂന്ന് ഓപ്ഷന്‍സേ ഇന്ത്യയില്‍ ആര്‍ക്കും ഉളളൂ. ഒന്ന് മരിച്ച് പോയ നമ്മുടെ രാഷ്ട്രപിതാവ് ഇന്ത്യയുടെ ആത്മാവ് സാക്ഷാല്‍ മഹാത്മാ ഗാന്ധി തിരിച്ച് എണീറ്റ് വരണം.’

‘അങ്ങനെ ആണെങ്കില്‍ മഹാത്മാ ഗാന്ധി തന്നെ ജയിക്കും. കാരണം ഗാന്ധിജി മുകളില്‍ നില്‍ക്കുന്ന ഒരു ശക്തിയും വ്യക്തിയുമാണ്. രണ്ടാമത്തേത്, മോദിക്ക് ഒരു വെല്ലുവിളിയെങ്കിലും ഉയര്‍ത്താന്‍ ഒരു ടൈം മെഷീന്‍ എടുത്ത് 2004ലേക്ക് പോയി മന്‍മോഹന്‍ സിംഗിന് പ്രധാനമന്ത്രി പദവി കൊടുക്കുന്നതിന് പകരം ബ്രാഹ്‌മണനായ, ബംഗാളിയായ, മൃദുഹിന്ദു രാഷ്ട്രീയ നിലപാടുളള പ്രണബ് കുമാര്‍ മുഖര്‍ജിയെ പ്രധാനമന്ത്രിയായി കൊണ്ട് വരണം.’

‘അങ്ങനെയാണെങ്കില്‍ മോദിക്ക് ഇത്രയും വലിയൊരു കളം ഒഴിഞ്ഞ് കിട്ടില്ലായിരുന്നു. കുറേക്കൂടി ബാലന്‍സ് ചെയ്യാനും കൂട്ടുകക്ഷിരാഷ്ട്രീയവുമായി നില്‍ക്കാനും ഒരുപക്ഷേ 300 എന്നതിന് പകരം 200-260 സീറ്റുകളിലേക്ക് ബിജെപിയെ തളക്കാനും ഒരുപക്ഷേ പ്രണബ് കുമാര്‍ മുഖര്‍ജിയെന്ന എല്ലാവരും ആദരിക്കുന്ന വ്യക്തിക്ക് കഴിയും’.

മൂന്ന്, ‘മോഡിക്കെതിരെ ഒരു വെല്ലുവിളിയെങ്കിലും ഉയര്‍ത്താന്‍ കേരളത്തില്‍ ജനിച്ച, ലോകപൗരനായ, നായരായ, 35 കോടി രൂപ ആസ്തിയുളള, ഒരുപാട് നല്ല ബിസ്സിനസ്സുകാരോട് അടുത്ത ബന്ധമുളള, മിഡില്‍ ക്ലാസ്സിനെ സ്വാധീനിക്കാന്‍ കഴിയുന്ന, മനോഹരമായി ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയുന്ന, ഇപ്പോള്‍ നാഷണല്‍ മീഡിയയില്‍ അടക്കം ഹിന്ദി കൂടി സംസാരിച്ച് തുടങ്ങുന്ന, കാണാന്‍ സുന്ദരനായ, സിനിമാ താരത്തെ പോലെയുളള, ലോകത്തെ പല രാജ്യങ്ങളുമായി അടുത്ത ബന്ധമുളള, ഓക്‌സ്‌ഫോര്‍ഡ് പ്രസംഗത്തെ സാക്ഷാല്‍ മോദി പോലും ആദരവോടെ നോക്കിക്കണ്ട ശശി തരൂര്‍ അല്ലാതെ കോണ്‍ഗ്രസിന് മുന്നില്‍ ഒരു ഓപ്ഷനും ഇല്ല.’

നിതിന്‍ ഗഡ്കരിയെ പോലെ ബിജെപിയുടെ വളരെ മുതിര്‍ന്ന മന്ത്രി പറഞ്ഞത് പോലെ, അല്ലെങ്കില്‍ ശ്രീ ശ്രീ രവിശങ്കര്‍ എന്ന ആത്മീയ നേതാവ് പറഞ്ഞത് പോലെ കോണ്‍ഗ്രസിനെ ഇന്ത്യയ്ക്ക് ആവശ്യമാണ്. കോണ്‍ഗ്രസ് വിശാല കാഴ്ചപ്പാടുളള, മധ്യഭാഗത്ത് നില്‍ക്കുന്ന ബാലന്‍സ് ചെയ്യുന്ന ഒരു പാര്‍ട്ടിയാണ്. എല്ലാ രാഷ്ട്രീയ കക്ഷികളിലെ നേതാക്കളും, ആര്‍എസ്എസ് സ്ഥാപകന്‍ മുതല്‍ മഹാനായ ഇഎംഎസ് വരെ പ്രവര്‍ത്തിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.

ഇന്ന് ശശി തരൂരിന് മാത്രമേ നരേന്ദ്ര മോദി-മോഹന്‍ ഭഗവത് കൂട്ടുകെട്ടിന് എതിരെ ഒരു വെല്ലുവിളിയെങ്കിലും ഉയര്‍ത്താന്‍ കഴിയൂ. അതിന്റെ കാരണങ്ങള്‍ പലതാണ്. ഇംഗ്ലീഷില്‍ നന്നായി സംസാരിക്കുന്ന ആളാണ് ശശി തരൂര്‍. നാഷണല്‍ മീഡിയയ്ക്ക് വളരെ കൗതുകമുളള ആളാണ് തരൂര്‍. തരൂരിന് പകരം ഖാര്‍ഗെയും ദിഗ്വിജയ് സിംഗും തമ്മിലാണ് പോരാട്ടമെങ്കില്‍ നാഷണല്‍ മീഡിയ ശ്രദ്ധിക്കുക പോലുമില്ലായിരുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരിക്കുന്നു.