ഫോണെടുത്താല്‍ ‘ഹലോ’ വേണ്ട, ‘ വന്ദേമാതരം’ മതി; മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ. സര്‍ക്കാര്‍ ജീവനക്കാര്‍ ടെലിഫോൺ എടുത്താൽ ‘ഹലോയ്ക്ക്’ പകരം ഇനി വന്ദേമാതരം പറഞ്ഞ് അഭിസംബോധന ചെയ്യണമെന്ന ശ്രദ്ധേയമായ ഉത്തരവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി. തങ്ങളെ കാണാനെത്തുന്നവരോടും ‘വന്ദേമാതരം’ അഭിവാദ്യമായി ഉപയോഗിക്ക ണമെന്നും, ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തിൽ അവബോധം സൃഷ്ടിക്കണമെന്നും പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരിക്കുന്നു.

ഹലോ എന്നത് പാശ്ചാത്യ സംസ്‌കാരത്തിന്റെ അനുകരണമാണ്. പ്രത്യേക അര്‍ത്ഥങ്ങളില്ലാത്ത അഭിവാദ്യം മാത്രമാണെന്നും ആണ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന സ്ഥാപനങ്ങളിലും ഇക്കാര്യം പ്രത്യേകം ശ്രദ്ധികാണാമെന്നു നിർദേശമുണ്ട്.

മഹാരാഷ്ട്രയില്‍ നേരത്തെ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ ഈ ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. മന്ത്രി സുധീര്‍ മുന്‍ഗന്തിവാര്‍ ആണ് ഇത്തരത്തിലുള്ള നിര്‍ദ്ദേശം മുന്നോട്ട് വെക്കുന്നത്. വകുപ്പ് വിഭജനത്തിന് പിന്നാലെ തന്റെ ആദ്യ പ്രഖ്യാപനം എന്ന നിലക്കായിരുന്നു സുധീര്‍ മുന്‍ഗന്തിവാര്‍ ഹലോയ്ക്ക് പകരം വന്ദേമാതരം ഉപയോഗിക്കണം എന്ന് ആവശ്യപ്പെടുന്നത്.

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുകയാണ്. അതിന്റെ ഔചിത്യം അനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി ഹലോ ഉപയോഗിക്കാതെ വന്ദേമാതരം ഉപയോഗിച്ച് ടെലിഫോണ്‍ സംഭാഷണം ആരംഭിക്കണം എന്നായിരുന്നു സുധീര്‍ മുന്‍ഗന്തിവാര്‍ പറഞ്ഞത്. സാംസ്‌കാരിക വകുപ്പ് മന്ത്രിയായ സുധീര്‍ മുന്‍ഗന്തിവാര്‍ തന്റെ വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥര്‍ക്ക് ഈ നിര്‍ദേശം നല്‍കിയിരുന്നു.

ഈ തീരുമാനം ഇപ്പോള്‍ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പ്രാവര്‍ത്തികമാക്കാന്‍ ഗവണ്‍മെന്റ് തീരുമാമനിച്ചിരിക്കുകയാണ്. പൊതുഭരണ വകുപ്പ് പുറത്തിറക്കിയ പ്രമേയമായതിനാല്‍ ഇത് എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പാലിക്കേണ്ടി വരും. മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കിയാണ് ബി ജെ പിക്കൊപ്പം ചേര്‍ന്ന് ശിവസേനയിലെ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം മന്ത്രിസഭ രൂപീകരിക്കുന്നത്.

ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായപ്പോള്‍ മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെ ഉപമുഖ്യമന്ത്രിയാക്കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റേയും ധനകാര്യ മന്ത്രാലയത്തിന്റേയും ചുമതല ദേവേന്ദ്ര ഫഡ്നാവിസിനാണ്. ഏക്നാഥ് ഷിന്‍ഡെ പൊതുഭരണം,നഗരവികസനം, പരിസ്ഥിതി, ഗതാഗതം, ദുരന്തനിവാരണം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, ദുരിതാശ്വാസ, പുനരധിവാസം തുടങ്ങിയ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്.