മഹാനാടകത്തിലെ മഹാവില്ലൻ പവാർ.

 

ഉദ്ധവ് താക്കറെക്ക് മുഖ്യമന്ത്രിക്കസേര തെറിച്ചതിൽ നെഞ്ചിടിപ്പേറിയത് മഹാനാടകത്തിലെ മഹാവില്ലൻ കഥാപാത്രത്തെ ആടിക്കൊഴുപ്പിച്ച എന്‍സിപി നേതാവ് ശരത് പവാറിനാണ്. പവാറിന്റെ രാഷ്ട്രീയ കുതന്ത്രങ്ങളാണ് പാളിയത്. കൂടെ നിന്ന് കുതികാൽവെട്ടുന്ന രാഷ്ട്രീയ തന്ത്രത്തെയാണ് ഷിൻഡെയിലൂടെ ബി ജെ പി തകർത്തിരിക്കുന്നത്.

മഹാവികാസ് അഘാഡി എന്ന അവിശുദ്ധകൂട്ടുകെട്ടിന് പിന്നിലെ പ്രധാന വില്ലന്‍ പവാർ തന്നെയായിരുന്നു. സത്യത്തിൽ ഉദ്ദവിനെ പവാർ ഒരു ചട്ടുകമാക്കുക യായിരുന്നു. മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാരിനെ പിളര്‍ത്തി, വീഴ്ത്തി 38ാം വയസ്സില്‍ മുഖ്യമന്ത്രിയായ തന്ത്രങ്ങളുടെയും കുതികാല്‍വെട്ടിന്‍റെ രാഷ്ട്രീയവുമാണ് പവാറിന് സ്വന്തമായുള്ളത്.

ഏക് നാഥ് ഷിന്‍ഡെ വിമതനീക്കം തുടങ്ങി ഗുവാഹത്തിയില്‍ എത്തിയതോടെ ശിവസേനയുടെ വിമത എംഎല്‍എമാര്‍ എല്ലാവരും ഒരേ സ്വരത്തില്‍ ശിവസേനയുടെ ഹിന്ദുത്വത്തെ തകര്‍ത്തതിന് ഉത്തരവാദിയായി ചൂണ്ടിക്കാണിച്ചതുംശരത് പവാറിനേയായിരുന്നു. വിമത എംഎല്‍എമാരുടെ വക്താവായ ദീപക് കേസര്‍കറും ഏകനാഥ് ഷിന്‍ഡേയും ഷിന്‍ഡേയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡേ എംപിയും ഒക്കെ അടിവരയിട്ട് പറഞ്ഞത് ശരത് പവാറിന്‍റെ കുടില ബുദ്ധിയെപറ്റിയായിരുന്നു. ഉദ്ധവ് താക്കറെയെ വഷളാക്കുന്നത് ശരത് പവാറാണെന്നായിരുന്നു ഏക്നാഥ് ഷിന്‍ഡേയുടെ വലംകൈയായ എംഎല്‍എ ദീപക് കേസര്‍കർ പറഞ്ഞിരുന്ന പരാതി.

ആദ്യം രണ്ട് തവണ രാജിവെയ്ക്കാന്‍ ഉദ്ധവ് താക്കറെ ഒരുങ്ങിയപ്പോഴും അധികാരത്തിന്റെ ആർത്തിയിൽ അതില്‍ നിന്നും പിന്‍തിരിപ്പിച്ചതും ശരത് പവാർ തന്നെയായിരുന്നു. തുടർന്നാണ് നിയമയുദ്ധങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്. ചുരുക്കത്തിൽ ഉദ്ധവ് താക്കറെക്ക് മുഖ്യമന്ത്രിക്കസേര വലിച്ചുനീട്ടിയതും പിന്നെ രാജിയിലേക്ക് വരെ കാര്യങ്ങൾ എത്തിച്ച് താഴെയിട്ടതും ഒക്കെ പവാറിന്‍റെ കുബുദ്ധിയായിരുന്നു. ഉദ്ധവിന്റെ ഭരണം കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് പവാറായിരുന്നു. ബിജെപി ആവട്ടെ പവാറിന്‍റെ ഗൂഢനീക്കങ്ങൾ ഒന്നൊന്നായി പൊളിക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ ഡാന്‍സ് ബാറുകളില്‍ നിന്ന് 100 കോടി പിരിക്കാനുള്ള കുതന്ത്രം മെനഞ്ഞതും പവാറായിരുന്നു. അത് വരുത്തിയ വീന ചില്ലറയല്ല. ഉന്നത പൊലീസുദ്യോഗസ്ഥരുടെയും ആഭ്യന്ത്രരമന്ത്രിയുടെയും വരെ തല തെറിപിച്ച സംഭവമായിരുന്നു അത്. എന്‍സിപിയുടെ ആഭ്യന്തരമന്ത്രിയെ ജയിലിലെത്തിച്ചതും പവാറിന്റെ കുബുദ്ധി നടപ്പാക്കാൻ പോയതിനാലാണ്. മുകേഷ് അംബാനിയില്‍ നിന്നും പണം തട്ടാന്‍ ബോംബ് നിറച്ച വാഹനം ആന്‍റില എന്ന അംബാനിവസതിക്ക് മുന്‍പില്‍ അര്‍ദ്ധരാത്രി കൊണ്ടിട്ടതും പവാറിന്‍റെ ബുദ്ധി തന്നെയാണെന്ന വിമര്‍ശനം ഉയർന്നിരുന്നു. എല്ലാ നീക്കങ്ങളും ബിജെപി അളന്നു കുറിച്ച് പൊളിക്കുകയായിരുന്നു.

ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള അധോലോക നായകരെ ഉപയോഗപ്പെടുത്തി കോടീശ്വരനായ നവാബ് മാലിക്കിനെയും ഒടുവിൽ ബി ജെപി പൂട്ടി. ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ ധനകാര്യവകുപ്പ് ശരത് പവാറിന്‍റെ എന്‍സിപിയാണ് കൈകാര്യം ചെയ്തിരുന്നത്. ശിവസേന എംഎല്‍എമാര്‍ക്ക് അവരുടെ നിയോജകമണ്ഡലങ്ങള്‍ക്ക് നൽകേണ്ട ഫണ്ട് തടഞ്ഞുവെയ്ക്കുക എന്‍സിപി ക്രൂരവിനോദമായി ആഘോഷിക്കുകയായിരുന്നു.

ഇതിനെതിരെ ശിവസേനയിൽ ഉയർന്ന പ്രതിഷേധത്തെ ഉദ്ധവിനെ ഉപയോഗപ്പെടു ത്തി പവാർ അണക്കുകയായിരുന്നു. ഇതിനാലാണ് ഇത്രയധികം വിമത ശിവസൈനികർ ഉദ്ധവ് താക്കറെയ്ക്കും ശരത് പവാറിനും എതിരെ തിരിഞ്ഞത്. ശിവസേന എംഎല്‍എമാരെ അവരെ തെരഞ്ഞെടുത്ത ജനങ്ങളുടെ മുന്നില്‍ കഴിവുകെട്ടവരാക്കി മാറ്റി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തൂത്തെറിയാമെന്നും പവാര്‍ സ്വപ്നം കാണുകയായിരുന്നു.

രാജിവെയ്ക്കാതെ ശിവസൈനികരെ തെരുവില്‍ അഴിച്ച് വിട്ട് ഭീതി പരത്താനുള്ള ഉപദേശം നല്‍കിയതും ശരത് പവാറാണെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. “മറ്റ് പാര്‍ട്ടികളെ പിളര്‍ത്തി നിര്‍ത്തി ഭരിയ്ക്കുന്നത് ശരത്പവാറിന്‍റെ തന്ത്രമാണ്. കോണ്‍ഗ്രസിലായിരുന്നപ്പോള്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി എന്‍സിപി ഉണ്ടാക്കി. അദ്ദേഹം എപ്പോഴും ഇത്തരം തന്ത്രങ്ങള്‍ പയറ്റുന്ന വ്യക്തിയാണ്. പാര്‍ട്ടികളെ പിളര്‍ത്തുക വഴി തനിക്ക് നേട്ടമുണ്ടാക്കുക. അതാണ് ശരത് പവാറിന്‍റെ ലൈന്‍. പവാര്‍ പ്രവര്‍ത്തിക്കുന്നത് എന്‍സിപിയുടെ നേട്ടത്തിനാണ്. എന്നാല്‍ സഞ്ജയ് റാവുത്ത് വിചാരിക്കുന്നത് പവാര്‍ ശിവസേനയെ രക്ഷിയ്ക്കുമെന്നാണ്. ശിവസേനയെ പല തവണ പിളര്‍ത്തിയ നേതാവ് ശരത് പവാര്‍”. -കേസര്‍കര്‍ പറയുന്നു.

“മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ബിജെപിയോടൊപ്പം ജനങ്ങളെ നേരിട്ടതാണ് ശിവസേന. പിന്നീട് നടന്നതെല്ലാം ബി ജെ പി യെ വേദനിപ്പിക്കുന്നതായിരുന്നു. പവാര്‍ തന്നെ ശിവസേനയെ ബിജെപിയുമായി തെറ്റിച്ചു. അധികാരമേറ്റെടുക്കാന്‍ തയ്യാറില്ലാതിരുന്ന ഉദ്ധവ് താക്കറെയെ ബലമായി മുഖ്യമന്ത്രി പദം നല്‍കിയതും പവാറാണ്. ഇപ്പോള്‍ എന്‍സിപിയുടെ മഹാരാഷ്ട്ര അധ്യക്ഷന്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പോയി അടുത്ത എംഎല്‍എയെ പ്രഖ്യാപിക്കുകയാണ്. അയാള്‍ എന്‍സിപിയില്‍ നിന്നുള്ള എംഎല്‍എ ആയിരിക്കും. അതായത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപിക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് പവാര്‍. “- കേസര്‍കര്‍ പറഞ്ഞു.

അവിശ്വാസപ്രമേയം വരെ പ്രതിസന്ധി നീട്ടിക്കൊണ്ടുപോയി നിതാന്ത ശത്രുത ബിജെപിക്കും ഉദ്ധവ് താക്കറെ കുടുംബത്തിനുമിടയില്‍ വളര്‍ത്തുക എന്നതായിരുന്നു പവാറിന്‍റെ ലക്‌ഷ്യം. അതോടെ മഹാരാഷ്ട്രയില്‍ അധികാരത്തിലേക്ക് വരാന്‍ എന്‍സിപിയ്ക്കുള്ള സാധ്യത കൂടിയേക്കുമെന്ന കണക്കുകൂട്ടലായിരുന്നു പവാറിനുണ്ടായിരുന്നത്. ഉദ്ധവ് താക്കറെ ഈ കെണിയില്‍ വീഴുകയായിരുന്നു. ബാല്‍ താക്കറെയുടെ കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ക്ക് മുഖ്യമന്ത്രിക്കസേരയും, രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെച്ച മകന് മന്ത്രിക്കസേരയും നൽകി സത്യത്തിൽ പവാർ ഒരുക്കിയത് കെണിയായിരുന്നുവെന്നും ശിവസേനയെ പിളര്‍ത്താനുള്ള രാഷ്ട്രീയ തന്ത്രമായിരുന്നുവെന്നും ഉദ്ധവ് താക്കറെയും കുടുംബവും അറിയാനിരിക്കുന്നതെ ഉള്ളൂ.