മുഖ്യമന്ത്രിയുടെ വാദം തെറ്റ്; എസ്.ഐ മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിലെ ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം: എസ്.ഐ എം.എസ് ഷിബു മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു. എസ്.ഐ ഷിബുവിന് മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ചങ്ങനാശേരി ഡിവൈഎസ്പിയുടെ ടീമിലായിരുന്നു ഷിബുവിന് ഡ്യൂട്ടി. കോട്ടയം മെഡിക്കല്‍ കോളെജില്‍ നടന്ന പരിപാടിക്കായിരുന്നു സുരക്ഷ ഒരുക്കിയത്.

എന്നാല്‍ കെവിന്റെ മരണവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി രോഷാകുലനായിരുന്നു. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാനുള്ളതുകൊണ്ടാണ് കെവിന്റെ ഭാര്യയുടെ പരാതി പരിഗണിക്കാത്തതെന്ന വാര്‍ത്തയെക്കുറിച്ചായിരുന്നു ചോദ്യം. അതൊരു ആശ്ചര്യകരമായ വര്‍ത്തമാനമാണെന്നും ചോദ്യം ചോദിച്ചയാള്‍ ഏത് ചാനലില്‍ നിന്നാണെന്നുമായി മുഖ്യമന്ത്രിയുടെ മറുചോദ്യം .

പൊലീസ് വീഴ്ചയ്ക്ക് മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധമില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സാധാരണഗതിയില്‍ പൊലീസ് കാണിക്കേണ്ട ജാഗ്രത എല്ലായിപ്പോഴും ഉണ്ടാകണം അതിന് മുഖ്യമന്ത്രിയുടെ യാത്രയോ സുരക്ഷയോ ഒരു പ്രശ്‌നമായി വരുന്നില്ല. സുരക്ഷാ കാര്യങ്ങള്‍ ഒരുക്കുന്നത് പ്രത്യേക ടീമാണ്, അത് സ്ഥലത്തെ എസ്‌ഐയോ മറ്റുള്ളവരോ അല്ല. അതെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍ ആരോ നിര്‍ദ്ദേശിച്ച പോലുള്ള ചോദ്യം ഉണ്ടാകുമായിരുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു