ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി രാഷ്‌ട്രസേവനത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവന്മാരുടെ ഓർമ്മയ്‌ക്കായി പുഷ്പചക്രം അർപ്പിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്, സംയുക്ത സൈനിക മേധാവി, കര-നാവിക-വ്യോമസേന മേധാവിമാർ എന്നിവർ അദ്ദേഹത്തെ അനു​ഗമിച്ചു.

75-ാം റിപ്പബ്ലിക് നിറവിൽ രാജ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ അറിയിച്ചു . ഇന്ത്യ-ജനാധിപത്യത്തിന്റെ മാതാവ്, വികസിത് ഭാരത് എന്നിവയാണ് ഇത്തവണത്തെ റിപ്പബ്ലിക് പരേഡിന്റെ പ്രമേയമെന്ന് പ്രധാനമന്ത്രി വ്യക്താമാക്കി.

പരമാധികാര രാഷ്‌ട്രമായി രാജ്യം മാറിയ ദിനത്തിന്റെ അനുസ്മരണമെന്ന നിലയിലാണ് ഓരോ റിപ്പബ്ലിക്ക് ദിനവും ആഘോഷമാക്കുന്നത്. രാജ്യത്തെ സാംസ്‌കാരിക വൈവിധ്യത്തെയും സൈനിക ശക്തിയേയും പ്രകടിപ്പിക്കുന്ന വേദിയാകും ഇന്ന് കർത്തവ്യപഥത്തിൽ നടക്കുക. ചരിത്രത്തിൽ ആദ്യമായി 80 ശതമാനത്തോളം സ്ത്രീകൾ നിയന്ത്രിക്കുന്ന റിപ്പബ്ലിക് ദിനത്തിലാണ് രാജ്യം ഇന്ന് സാക്ഷ്യം വഹിക്കുന്നത്.