കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ബസവരാജ് ബൊമ്മെ

ന്യൂഡൽഹി . കർണാടക തെരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം കോൺഗ്രസിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ജനാഭിലാഷം നിറവേറ്റുന്നതിന് ആശംസകൾ നേരുന്നുവെന്നും മോദി പറഞ്ഞു. ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു വെന്നും മോദി അറിയിക്കുകയുണ്ടായി. വരും കാലങ്ങളിൽ കൂടുതൽ ഊർജസ്വലതയോടെ കർണ്ണാടകയെ സേവിക്കുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

അതേസമയം, പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. പരാജയത്തിൽ മറ്റാർക്കും ഉത്തരവാദിത്തമില്ല. പല കാരണങ്ങൾ ഉള്ളതിനാൽ ഈ പരാജയത്തെക്കുറിച്ച് സമഗ്രമായ ഒരു വിശകലം നടത്തേണ്ടതുണ്ടെന്നും ബൊമ്മെ പറയുകയുണ്ടായി.

‘തെരഞ്ഞെടുപ്പ് ഫലം അവസാന ഘട്ടങ്ങളിലാണ്. അങ്ങേയറ്റം ആദരവോടെയാണ് ഞാൻ ജനങ്ങളുടെ വിധിയെ സ്വീകരിക്കുന്നത്. ബിജെപിയുടെ തോൽവിയുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു, മറ്റാർക്കും ഇതിൽ ഉത്തരവാദിത്തമില്ല. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ ഞാൻ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഇതിന് വിവിധ കാരണങ്ങളുള്ളതിനാൽ ഈ തോൽവിയെക്കുറിച്ച് സമഗ്രമായ വിശകലനം നടത്തേണ്ടതുണ്ട്’- ബൊമ്മെ പറയുകയുണ്ടായി.