തന്റേത് സുതാര്യമായ പ്രവര്‍ത്തനങ്ങളാണ്, ഇ പി ജയരാജനുമായി തനിക്ക് ബിസിനസ് ബന്ധമില്ല, അതിന്റെ ആവശ്യമില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: തന്റേത് സുതാര്യമായ പ്രവര്‍ത്തനങ്ങളാണ്, ഇ പി ജയരാജനുമായി തനിക്ക് ബിസിനസ് ബന്ധമില്ലെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. അങ്ങനെ ബിസിനസ് ചെയ്യേണ്ട ആവശ്യമില്ല. അത്തരം ബിസിനസിന് താല്‍പര്യവും ഇല്ലായെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

വൈദേഹി റിസോര്‍ട്ട് ഏറ്റെടുത്തത് തന്റെ കമ്പനിയല്ല. തനിക്ക് പല കമ്പനികളിലും നിയമപരമായ നിക്ഷേപങ്ങളുണ്ട്. അത്തരം കമ്പനികള്‍ക്ക് പ്രത്യേക മാനേജ്‌മെന്റുകളാണ്. അവര്‍ ആരൊക്കെയായിട്ടാണ് ബിസിനസ് ചെയ്യുന്നതെന്ന് താന്‍ അറിയേണ്ട കാര്യമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്തപ്പോൾ നടക്കുന്ന വ്യക്തിഹത്യ, രാഷ്ട്രീയം പറയാന്‍ ഇല്ലാത്തതു കൊണ്ടാണ്. തന്റേത് സുതാര്യമായ പ്രവര്‍ത്തനങ്ങളാണെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് രാജീവ് ചന്ദ്രശേഖര്‍. രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് പങ്കാളിത്തമുള്ള ഇ പി ജയരാജന്‍ അദ്ദേഹത്തെ വിജയിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു.ഇതിന് മറുപടിയായാണ് ചന്ദ്രശേഖറിന്റെ പ്രതികരണം.