പുതുപ്പള്ളിയിൽ ഒരു പോസ്റ്റർ ഒട്ടിക്കേണ്ട ആവശ്യമില്ല- രമേശ് പിഷാരടി

കോൺ​ഗ്രസ് അ​ഗത്വം സ്വീകരിച്ചതിനുപിന്നാലെ പ്രചരണ പരിപാടികളിൽ രമേശ് പിഷാരടി സജീവമാണ്. ധർമ്മജനൊപ്പം റോഡുഷോകളിലൊക്കെ താരം പങ്കെടുക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളിയിൽ പോസ്റ്റർ പോലും ആവശ്യമില്ലെന്ന് പിഷാരടി. ഉമ്മൻചാണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായിരിക്കുകയാണ്.

കേരളത്തിന്റെ മറ്റെല്ലാ സ്ഥലങ്ങളിലും പോസ്റ്റർ വെച്ചാലും, പുതുപ്പള്ളിയിൽ അദ്ദേഹത്തിന്റെ ഒരു പോസ്റ്റർ ഒട്ടിക്കേണ്ട ആവശ്യമില്ല. അത് പത്ത് അമ്പത് വർഷമായിട്ട് ഇവിടുത്തെ ജനങ്ങളുടെ മനസിൽ മറയാത്ത രീതിയിൽ പതിഞ്ഞിരിക്കുന്ന ഒരു മുഖമാണെന്ന് പിഷാരടി പറഞ്ഞു

കോൺഗ്രസ് നേതൃത്വം സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിടുന്നതിന് മുന്നെ നേമത്ത് ഉമ്മൻചാണ്ടിയുടെ പേരാണ് സജീവമായി പരിഗണിച്ചിരുന്നത്. മത്സരിക്കാൻ ഉമ്മൻചാണ്ടി സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ പുതുപ്പള്ളി വിടുന്നതിനെതിരെ പ്രവർത്തകരുടെ പ്രതിഷേധം ശക്തമായതോടെ നേമത്ത് മത്സരിക്കുന്നതിൽ നിന്നും ഉമ്മൻചാണ്ടി പിൻവാങ്ങുകയായിരുന്നു. തുടർന്ന് പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.