മരിച്ച കുഞ്ഞിന് അവള്‍ ഉടുപ്പുകള്‍ തുന്നി, അബോര്‍ഷന് പിന്നാലെ പാരലൈസ്ഡും, ഉള്ളുലയ്ക്കും കുറിപ്പ്

വിവാഹിതയായ ഏതൊരു സ്ത്രീയുടെയും സ്വപ്‌നം ഒരു കുഞ്ഞാണ്. ഇപ്പോള്‍ നഷ്ടപ്പെട്ട കുഞ്ഞിന്റെ ഓര്‍മകളില്‍ ജീവിക്കുന്ന ഒരു അമ്മയെ കുറിച്ച് ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ റാണി നൗഷാദ്. തൈറോയിഡ് ബാധിച്ചതിനാല്‍ തന്റെ ഗര്‍ഭസ്ഥ ശിശുവിനെ അബോര്‍ട്ട് ചെയ്യേണ്ടി വരികയും അതോടുകൂടി പാരലൈസ്ഡ് ആയിപ്പോവുകയും ചെയ്ത രശ്മി എന്ന യുവതിയുടെ അനുഭവങ്ങളാണ് റാണി പങ്കുവെച്ചിരിക്കുന്നത്.

അന്ന് പിറക്കാതെ പോയ മകള്‍ ഒരുപക്ഷേ ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ ഈ അമ്മ ദിനത്തില്‍ ആശംസകള്‍ അറിയിക്കുന്നത് ഭാവനയില്‍ കണ്ടുകൊണ്ടാണ് രശ്മി സംസാരിക്കുന്നത്. രശ്മി തന്നോട് പങ്കുവച്ച ആ വലിയ നഷ്ടത്തില്‍ നിന്നുമാണ് റാണിയുടെ ഉള്ളം തൊടും കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ, ഇവിടെ നല്‍കുന്ന ആശംസകള്‍ എല്ലാം രശ്മി എന്ന അമ്മയ്ക്കുള്ളതാണ്. ഹാപ്പീ മദേര്‍സ് ഡേ അമ്മാ. ഇന്ന് ഞാനും എന്റമ്മയോടൊപ്പം ഈ ഭൂമിയില്‍ ഉണ്ടായിരുന്നുവെങ്കില്‍ എനിക്ക് പത്തൊന്‍പതു വയസ്സ് പ്രായം കണ്ടേനെ. ഞാന്‍ അമ്മേടെ ചുന്ദരി പെണ്ണായിട്ട് എന്റമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് ആ കവിളുകളില്‍ ഉമ്മ വച്ച് ഒരു കിടിലന്‍ സെല്‍ഫിയുമെടുത്ത് ഇന്‍സ്റ്റയിലോ എഫ്ബിയിലോ മദേര്‍സ് ഡേ പോസ്റ്റുമിട്ട് ന്റെ അമ്മ ഉണ്ടാക്കി തരുന്ന അടിപൊളി ഫുഡ് ഒക്കെ കഴിച്ച് കൂട്ടുകാരുമൊക്കെയായി ചുറ്റിതിരിഞ്ഞ് കൊച്ചു കൊച്ചു കുറുമ്പുകളുമൊക്കെയായി. എന്ത് രസായിരുന്നേനെ വേണ്ടമ്മാ, ഞാനൊന്നും പറയുന്നില്ല.അത് എന്റെ അമ്മയെ പിന്നേം കരയിപ്പിച്ചാലോ.

എന്നെയോര്‍ത്ത് എന്റെ അമ്മ കരയുന്നത്, അമ്മ മാത്രം കരയുന്നത്, കാണാന്‍ തുടങ്ങിയിട്ട് പത്തൊന്‍പത് വര്‍ഷങ്ങള്‍ ആകുന്നു. കരയരുത് എന്നു ഞാന്‍ എപ്പോഴും പറയാറുണ്ട്. അമ്മയ്ക്കത് കേള്‍ക്കാന്‍ ആവാത്തതാണ്. രാത്രിയില്‍ ഞാന്‍ അമ്മയെ കെട്ടിപ്പിടിച്ചുറങ്ങാറുണ്ട്. പക്ഷേ അത് എന്റെ അമ്മയ്ക്ക് അറിയുന്നില്ലല്ലോ. അമ്മ കരയുമ്പോഴൊക്കെ ഞാന്‍ അമ്മയുടെ കണ്ണുനീര്‍ തുടച്ച് ആ കണ്ണുകളില്‍ ഉമ്മ വയ്ക്കാറുണ്ട്. അമ്മ ചിലപ്പോള്‍ അത് ആസ്വദിക്കാറുള്ളതുപോലെ എനിക്ക് തോന്നാറുണ്ട് കേട്ടോ. എനിക്കറിയാം എന്റെ അമ്മ എന്നെ മനപ്പൂര്‍വം ഇല്ലാണ്ടാക്കിയതല്ലെന്ന്.
ഈ പത്തൊന്‍പതു വര്‍ഷവും അമ്മ എനിക്കു മാത്രമേ ആ വയറ്റില്‍ ഇടമൊരുക്കിയുള്ളൂ എന്ന്.

എന്നെ ഓര്‍ക്കാത്ത, ഞാനില്ലാത്ത ഒരു നിമിഷം പോലും ഇതുവരെ എന്റമ്മയുടെ ജീവിതത്തില്‍ ഇല്ലായിരുന്നുവെന്ന്. ഞാന്‍ എന്റമ്മയുടെ ഹൃദയത്തില്‍ ജനിച്ച്, പിച്ചവച്ച് നടന്നു വളര്‍ന്നൊരു ചേതോഹരിയായ കൗമാരക്കാരിയുടെ പട്ടുപ്പാവാടയും ഉടുപ്പുമണിഞ്ഞ് ആ മടിയില്‍ തലവച്ചു കിടക്കുന്നുണ്ട് ഇപ്പോഴും. എനിക്ക് ഈ ഭൂമിയില്‍ എന്റെ അമ്മ മാത്രമേ ഉളളൂ. അമ്മയ്ക്കറിയോ ഞാന്‍ അമ്മയെ സ്‌നേഹിക്കുന്നതു പോലെ, ഞങ്ങളെ പോലുള്ളവര്‍ സ്‌നേഹിക്കുന്നതു പോലെ മറ്റാര്‍ക്കും അമ്മമാരെ സ്‌നേഹിക്കാനാവില്ല. അമ്മദിനം വരുമ്പോള്‍ മാത്രം അമ്മയുടെ നല്ല ഫോട്ടോ തപ്പി ഇറങ്ങുന്ന മക്കള്‍. ഒരു നോക്ക് കാണാന്‍ കാത്തിരിക്കുന്ന അച്ഛനമ്മമാരോട് സമയക്കുറവിന്റെയും സമ്പത്തുണ്ടാക്കുന്നതിന്റെയും കണക്കു പറയുന്നവര്‍.അത്യാധുനിക സൗകര്യങ്ങളുള്ള അനാഥ മന്ദിരങ്ങളുടെ ലിസ്റ്റ് തേടുന്ന മക്കളുള്ളവര്‍.

കണ്ണുള്ളപ്പോള്‍ കാഴ്ചയുടെ വലിപ്പം അറിയാന്‍ കഴിയില്ലമ്മേ. ഈ അമ്മദിനത്തില്‍ മാത്രമൊതുങ്ങുന്ന സ്‌നേഹമൊന്നുമല്ല ഞങ്ങളുടേത്. തിരിച്ചു വരാന്‍ ഒരവസരം കിട്ടിയിരുന്നെങ്കില്‍, അമ്മയോടൊപ്പം ജീവിക്കാന്‍ ഒരു ജന്മം കൂടി നല്‍കിയിരുന്നെങ്കില്‍ എന്ന പ്രാര്‍ത്ഥനയിലാണ് ഞാന്‍ എന്നും. അമ്മയ്ക്ക് ഒരാപത്തും വരാതിരിക്കാന്‍ വേണ്ടി മാത്രമുള്ള പ്രാര്‍ത്ഥനകളില്‍ ഈ ജീവനുമുണ്ടമ്മേ. എന്റെ മാത്രം അമ്മയ്ക്ക്, ഈ ഭൂമിയില്‍ ജനിക്കാന്‍, ജീവിക്കാന്‍ കഴിയാതെ പോയ എന്റെയും എന്നെപ്പോലുള്ള ഒരുപാട് മക്കളുടെയും മാതൃ ദിനാശംസകള്‍.

പ്രിയപ്പെട്ട രശ്മിക്ക് താന്‍ രണ്ടു ദിവസം മുന്‍പ് എന്നെ ഫോണില്‍ വിളിച്ചിരുന്നുവല്ലോ. തിരക്കാണെങ്കില്‍ ബുദ്ധിമുട്ടിക്കുന്നില്ല എന്ന് രശ്മി പറഞ്ഞുവെങ്കിലും എന്റെ തിരക്കുകള്‍ അവഗണിച്ചു കൊണ്ട് താന്‍ തന്റെ കഥ പറഞ്ഞു തുടങ്ങിയിരുന്നു. വൈകുന്നേരം വിളിക്കാമോ എന്ന എന്റെ വാക്കുകള്‍ ആ കഥ പറച്ചിലിനിടയില്‍ നേര്‍ത്തുപോയിരുന്നു. കാര്‍ ഓടിക്കുന്നതിനിടയില്‍ ബ്ലൂടൂത്തിലൂടെ
കേട്ട തന്റെ വാക്കുകള്‍ക്കിടയില്‍ എന്തു മിണ്ടണം എന്നറിയാത്തവിധത്തില്‍ തന്നോടൊപ്പം ഞാനും പെയ്യുകയായിരുന്നു. Hashimoto’s തൈറോഡിറ്റിസ് എന്ന അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന തൈറോയിഡ് ബാധിച്ചതിനാല്‍ തന്റെ ഗര്‍ഭസ്ഥ ശിശുവിനെ അബോര്‍ട്ട് ചെയ്യേണ്ടി വരികയും അതോടുകൂടി പാരലൈസ്ഡ് ആയിപ്പോവുകയും ചെയ്ത രശ്മി എന്ന പെണ്‍കുട്ടി അവളുടെ പിറക്കാതെ പോയ മകള്‍ ഒരുപക്ഷേ ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ ഈ അമ്മ ദിനത്തില്‍ അവളുടെ അമ്മയായ തനിയ്ക്ക് ആശംസകള്‍ അറിയിക്കുന്നതിനെക്കുറിച്ചുള്ള തീവ്രമായ മോഹത്തെക്കുറിച്ച് എഴുതാമോ എന്നു ചോദിച്ചു കൊണ്ടുള്ള ഒരു ഫോണ്‍ കാള്‍ ആയിരുന്നു അത്.

ചിലതൊക്കെ കര്‍മ്മം തന്നെയാണ് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അറിയാത്ത, കണ്ടിട്ടില്ലാത്ത ഒരാള്‍ നമ്മളിലേക്ക് അവരുടെ അഭിലാഷങ്ങള്‍ പങ്കുവയ്ക്കുന്നതും, അവരുടെ ദുഃഖങ്ങളില്‍ നമ്മെ പങ്കാളിയാക്കുന്നതും, സന്തോഷങ്ങളുടെ രാസമാറ്റങ്ങള്‍ കൊണ്ട് നമ്മളിലും ചലനങ്ങള്‍ സൃഷ്ടിക്കുന്നതും ഒരു നിയോഗമാണ്. അങ്ങനെ ഒരു പെണ്‍കുട്ടി ഈ മാതൃ ദിനത്തില്‍ അവളിലെ അപൂര്‍ണ്ണയായ അമ്മയിലെ മോഹങ്ങള്‍ പങ്കു വയ്ക്കുകയാണ്. ആരും കാണാത്ത, പിറക്കാതെ പോയ തന്റെ മകളുടെ കഥ പറയുകാണ്. Hashimoto’s തൈറോയ്ഡ് ബാധിച്ചത് കൊണ്ടായിരുന്നു അന്ന് അവള്‍ക്ക് അബോര്‍ഷന്‍ നടത്തേണ്ടി വന്നത്. അബോര്‍ഷന്‍ കഴിഞ്ഞതോടെ,നീണ്ട അഞ്ചുവര്‍ഷങ്ങള്‍ അവള്‍ പരലൈസ്ഡ് ആയി കിടപ്പിലായിരുന്നു.ആ സമയം അവള്‍ ജീവിതത്തെ വെല്ലുവിളിയായി കണ്ടുകൊണ്ട് നേരിടുകയും,ഹോളിസ്റ്റിക് മെഡിസിനില്‍ ഡിസ്റ്റന്റ് സ്റ്റഡീസ് വഴി എം ഡി ചെയ്ത് ഉയര്‍ന്ന മാര്‍ക്കില്‍ വിജയിക്കുകയും ചെയ്തു.

ദീര്‍ഘകാലത്തെ ചികിത്സ കൊണ്ട് അവള്‍ക്ക് വീടും, കാറും സ്വന്തം ജീവിതവും നഷ്ടപ്പെട്ടു.ചികിത്സകള്‍ക്കൊടുവില്‍ അവള്‍ മെല്ലെ എണീറ്റ് നടക്കാന്‍ തുടങ്ങി. അവളുടെ ഇന്റേര്‍ണല്‍ ഓര്‍ഗന്‍സ് പലതും ഡാമേജ് വന്നു തുടങ്ങിരുന്നുവെങ്കിലും ജീവിതം അവള്‍ക്ക് വെറുതെ ജീവിച്ചു തീര്‍ക്കാന്‍ താല്പര്യമില്ലായിരുന്നു. ഭൂമിയില്‍ പിറക്കാതെ പോയ അവളുടെ കുഞ്ഞ് അവളോട് കൂടെ ഹൃദയത്തില്‍ പിച്ച വച്ചു വളര്‍ന്നു. ആരുമില്ലാത്ത നേരങ്ങളില്‍ അമ്മയും കുഞ്ഞും ഒറ്റയ്ക്ക് മിണ്ടാനും കളിചിരികളില്‍ ഇരിക്കാനും തുടങ്ങി. അവള്‍ അവളുടെ കുഞ്ഞിനെ മാറ്റാരുമറിയാതെ മനസിന്റെ ഒരു കോണില്‍ കൊഞ്ചിച്ചു വളര്‍ത്തി. അവള്‍ക്ക് ഭക്ഷണം കൊടുത്തു. കുട്ടി ഉടുപ്പുകള്‍ തുന്നിച്ചു. ബര്ത്‌ഡേകള്‍ ആഘോഷിച്ചു. പിറന്നാള്‍ സമ്മാനങ്ങള്‍ കൊടുത്തു. കഥകള്‍ പറഞ്ഞു. പാട്ടുപാടി അവള്‍ക്ക് വേണ്ടി കത്തുകള്‍ എഴുതി.

ഇന്ന് നൂറു കണക്കിന് കുട്ടികള്‍ക്കവള്‍ അമ്മയാണ്. ഒരുപാട് കുട്ടികളെ പഠിപ്പിച്ചും കുട്ടികള്‍ക്കായ് ക്ലബ്ബുകള്‍ രൂപീകരിച്ചും അവള്‍ കുട്ടികള്‍ക്കിടയില്‍ത്തന്നെ ജീവിക്കുന്നു. അത്ര വലിയ ടെന്‍ഷനൊന്നും കാണിക്കാതെ പൂ പറിക്കുന്ന ലാഘവത്തോടെ അബോര്‍ഷന് വിധേയരാകാന്‍ പോകുന്ന അനേകം ദമ്പതിമാരെ പെണ്‍കുട്ടികളെ അവള്‍ അതില്‍ നിന്നും പിന്തിരിപ്പിച്ചു. അവര്‍ക്കായ് കൗണ്‍സിലിംഗുകള്‍ ഒരുക്കി. എന്നിട്ടും ഒരിക്കലും അവള്‍ കാണുന്ന പഠിപ്പിക്കുന്ന ഒരു കുട്ടിയേപ്പോലും സ്വന്തമായിക്കാണാന്‍ അവളിലെ അമ്മയെ അമ്മയെന്നു വിളിച്ചിട്ടില്ലാത്ത ഭൂമിയില്‍ ജനിച്ചിട്ടില്ലാത്ത അവളുടെ കുഞ്ഞ് സമ്മതിക്കുന്നുണ്ടായിരുന്നില്ല എന്ന് അവളുടെ അനുഭവങ്ങള്‍ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. പരീക്ഷണങ്ങള്‍ ഒന്നൊന്നായി പലപ്പോഴും അവളിലെ ആത്മവിശ്വാസത്തെ നശിപ്പിച്ചു കൊണ്ടിരിക്കെ കഴിഞ്ഞ വര്‍ഷം അവള്‍ ഒരു ട്യൂമറിനെയും മറികടന്നു.

ലെഫ്റ്റ് ഓവറിയില്‍ നിന്നും കിഡ്നിയില്‍ വരെ എത്തപ്പെട്ട നാലര കിലോ തൂക്കം വരുന്ന ട്യൂമര്‍. അന്ന്,അവള്‍ മരിച്ചു പോണേ എന്ന് സ്വയം ഉള്ളുരുകി പ്രാര്‍ത്ഥിക്കുമ്പോള്‍ അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നുവെന്ന് അവളെ സര്‍ജറി ചെയ്ത ഡോക്ടര്‍ അവളോട് പറഞ്ഞു. ഒരു ജന്മം കൊണ്ട് ചെയ്തു തീര്‍ത്ത ഒരായിരം കര്‍മ്മങ്ങളുടെ അനന്തര പുണ്യം പോലെ അവള്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഈ മാതൃ ദിനത്തില്‍, നിന്റെ ഉദരത്തില്‍ ജീവന്റെ തുടിപ്പറിയിച്ച വിത്ത് ഒരു മകള്‍ തന്നെയാണെന്ന് ഉറച്ചു വിശ്വസിക്കുന്ന നിനക്കായ്, അനന്തതയില്‍ അദൃശ്യയായി ഇരുന്നുകൊണ്ട് നിന്റെ മകള്‍ ഒരമ്മയ്ക്കും ഒരു മക്കളും നല്കാത്ത ഒരായിരം ആശംസകള്‍ നിന്റെ മേല്‍ വര്‍ഷിക്കുന്നു. അതെ, ഈ ഭൂമിയില്‍ ജനിക്കാതെ പോയ തന്റെ കുഞ്ഞിനെ ഓര്‍ത്ത് അവള്‍ക്ക് മാത്രമായൊരമ്മ പിന്നീടൊരു കുഞ്ഞിനും ആ വയറ്റില്‍ ഇടം കൊടുക്കാതെ കാത്തിരിക്കുന്നു. ഹാപ്പീ മദേര്‍സ് ഡേ അമ്മാ.