മകൾ മരിച്ച ഒരു അച്ഛന്റെ വേദന അവർ മനസ്സിലാക്കിയില്ല:- വിതുമ്പലോടെ കൊല്ലപ്പെട്ട റിൻസിയുടെ പിതാവിന്റെ വാക്കുകൾ

പത്തനാപുരത്തെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി റിൻസി ബിജുവിന്റെ കൊലപാതകത്തിൽ തന്നെ പ്രതിയാക്കാൻ ശ്രമിച്ചിരുന്നുവെന്ന് പിതാവ് ബിജു. റിന്‍സി ആത്മഹത്യ ചെയ്‌തെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസ് ശ്രമം നടത്തി. കുറ്റം ഏൽക്കാനായി ക്രൂരമായി മർദിച്ചു. പല സ്ഥലങ്ങളിൽ കൊണ്ടുപോയി ഇരുപതോളം തവണ ചോദ്യംചെയ്തു. തന്നെയും ഭാര്യയെയും കടുത്ത മാനസികപീഡനത്തിന് ഇരയാക്കി.

ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തില്ലായിരുന്നെങ്കിൽ അവർ എന്നെ പ്രതിയാക്കിയേനെ. മകൾ ആത്മഹത്യചെയ്തെന്ന നിലപാടാണ് പോലീസ് ആദ്യംമുതൽ സ്വീകരിച്ചത്. വീടിനുപുറത്ത് അവൾ തൂങ്ങിമരിച്ചെന്നും താനും ഭാര്യയും ചേർന്ന് കയർ അഴിച്ച് ആരുംകാണാതെ വീട്ടിൽ കൊണ്ടുക്കിടത്തിയെന്നും പോലീസ് കഥയുണ്ടാക്കി.

ആത്മഹത്യയെങ്കിൽ പള്ളി സെമിത്തേരിയിൽ സംസ്കരിക്കാൻ കഴിയില്ല. അതിനാലാണ് കൊലചെയ്തെന്നും കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന മാല മോഷണംപോയെന്നും കള്ളം പറയുന്നതെന്ന് അവർ വാദിച്ചു. കയറും മാലയും ഞാൻ ഒളിപ്പിച്ചതാണെന്നും പോലീസുകാർ പറഞ്ഞു. ’മകൾ തൂങ്ങിയ കയർ കൊണ്ടുവാ നിന്നെ വെറുതെ വിടാം. മാലയുടെകാര്യം ഞങ്ങൾ എങ്ങനെയെങ്കിലും എഴുതി പരിഹരിച്ചുകൊള്ളാം.നിന്റെ ഭാവി ഞങ്ങളുടെ പേനത്തുമ്പിലാണ്. പറയുന്നപോലെ കേട്ടാൽ നിനക്കുകൊള്ളാം’ എന്നിങ്ങനെയായിരുന്നു പോലീസ് ഭീഷണി-പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. ……

രാവിലെ പുനലൂർ സ്റ്റേഷനിലേക്ക് വിളിപ്പിക്കും. വൈകീട്ടുവരെ അവിടെ നിർത്തും. പോലീസ് മുറകൾക്കുമുൻപിൽ തളരാതെ ഞാൻ പിടിച്ചുനിന്നു. എന്റെ മോളെ ആരോ കൊന്നതാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്നാൽ അത് വിശ്വസിക്കാനോ ആ വിധത്തിൽ അന്വേഷണം നടത്താനോ പോലീസ് മിനക്കെട്ടില്ല. എല്ലാ കുറ്റവും എന്റെ തലയിൽ ചാരി തടിതപ്പാനാണ് പോലീസ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മകൾ മരിച്ച ഒരച്ഛന്റെ വേദന അവർ മനസ്സിലാക്കിയില്ല. പോലീസിന് കേസ് എങ്ങനെയെങ്കിലും അവസാനിപ്പിച്ചാൽ മതിയായിരുന്നു. പോലീസ് ഭാഷ്യം നാട്ടിൽ പടർന്നതോടെ ഒറ്റപ്പെട്ട അവസ്ഥയായി. സഹികെട്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്.

കേസില്‍ ആയിരവല്ലിക്കര ചീവോട് തടത്തില്‍ വീട്ടില്‍ സുനില്‍കുമാറി(40)നെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത്, ക്രൈം ബ്രാഞ്ച് സിഐ ഡി എച്ച്എച്ച് ഡബ്ല്യു എസ് പി വി എം മുഹമ്മദ് റഫീക്ക് എന്നിവരുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ് പി കെ വി കൊച്ചുമോന്‍, ഡിറ്റക്ടീവ് ഇന്‍സ്‌പെകടര്‍ ജോണ്‍സണ്‍ എന്നിവരുടെനേത്യത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.