ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും, ഉത്സവം 16 മുതൽ

മീനമാസ പൂജകൾ – പൈങ്കുനി ഉത്രം മഹോത്സവം എന്നിവയ്ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകീട്ട് തുറക്കും. മാർച്ച് 16 ന് കൊടിയേറ്റ് നടക്കും. 25ന് പമ്പയിൽ ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും. ഇക്കുറി മീന മാസ പൂജകൾക്കിടയിൽ തന്നെയാണ് കൊടിയേറ്റ്.

ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി പിഎൻ മഹേഷ് നമ്പുതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഇരു ക്ഷേത്രങ്ങളിലും ഉണ്ടാവില്ല. 13 ന് നടതുറന്നാൽ തുടർച്ചയായി 13 ദിവസം നടതുറന്നിരിക്കും.

മീനം ഒന്നായ 14ന് പുലർച്ചെ 5ന് തിരുനട തുറക്കും. ഈ വർഷത്തെ പൈങ്കുനി ഉത്രം മഹോത്സവത്തിന് 16ന് രാവിലെ 8:30 നും 9 മണിക്കും മധ്യേയുള്ള മുഹൂർത്തത്തിൽ
കൊടിയേറ്റ് നടക്കും. ഉത്സവ ദിവസങ്ങളിൽ ഉത്സവബലിയും ഉത്സവ ബലിദർശനവും ആനപ്പുറത്ത് എഴുന്നെള്ളിപ്പും ഉണ്ടാകും. 24ന് രാത്രി ശരം കുത്തിയിൽ പള്ളിവേട്ട നടക്കും.

25ന് രാവിലെ 9ന് ആറാട്ട് പുറപ്പാട്. ഉച്ചക്ക് 11:30 മണിയോടെ പമ്പയിൽ തിരു ആറാട്ട് നടക്കും. അന്നു രാത്രി 10ന് നടയടയ്ക്കും. വെർച്വൽ ക്യൂ ബുക്കു ചെയ്തും സ്പോർട്ട് ബുക്കിങ് നടത്തിയും തീർഥാടകർക്ക് ദർശനം നടത്താം