സന്ദീപിന്റെത് രാഷ്ട്രീയ കൊലപാതകമല്ല; ഞങ്ങൾക്ക് ബിജെപിയുമായി ബന്ധവുമില്ല; വെളിപ്പെടുത്തി പ്രതികൾ

പത്തനംതിട്ട തിരുവല്ലയിൽ സിപിഎം പ്രവർത്തകനായ സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണമാണെന്ന് ഒന്നാം പ്രതി ജിഷ്ണു. സന്ദീപുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നെന്നും അതിന്റെ പേരിലാണ് ആക്രമിച്ചതെന്നും ഇതൊരു രാഷ്ട്രീയ കൊലപാതകമല്ല എന്നും ജിഷ്ണു പറഞ്ഞു. അഞ്ച് പ്രതികളെയും കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടുപോകുമ്പോൾ മാദ്ധ്യമങ്ങളോടാണ് ഇവർ ഇക്കാര്യം പറഞ്ഞത്.

തങ്ങൾ ബിജെപിക്കാർ അല്ലെന്നും കൊല്ലണമെന്ന് വിചാരിച്ചല്ല ആക്രമിച്ചത് എന്നും ജിഷ്ണു പറഞ്ഞു. ജിഷ്ണുവിന് മാത്രമാണ് സന്ദീപിനോട് വ്യക്തിവൈരാഗ്യം ഉണ്ടായത് എന്ന് മൂന്നാം പ്രതി നന്ദു വെളിപ്പെടുത്തി. അതേസമയം അറസ്റ്റിലായ പ്രതികളെ എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

സിപിഎം പ്രവർത്തകന്റെ കൊലപാതകം തികച്ചും രാഷ്‌ട്രീയ പ്രേരിതമാണെന്ന് കേരള പോലീസും ഇടത് മന്ത്രിമാരും ആരോപിക്കുന്ന സാഹചര്യത്തിലാണ് പ്രതികൾ തന്നെ നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന നേതൃത്വം ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. പെരിയ കേസിലെ തോൽവി പത്തനംതിട്ടയിൽ തീർക്കരുത് എന്നാണ് കേന്ദ്ര മന്ത്രി വി മുരളീധരൻ പ്രതികരിച്ചത്.