സ്‌കൂളില്‍ നിന്നും തുടങ്ങിയ അവഗണന, നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ടതിനെ കുറിച്ച് സയനോര ഫിലിപ്പ്

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും സംഗീത സംവിധായികയുമാണ് സയനോര ഫിലിപ്. പലപ്പോഴും നിറത്തിന്റെ പേരില്‍ താന്‍ മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ടെന്ന് പറയുകയാണ് താരം. ഒരു സ്വകാര്യ ചാനലിലെ പ്രത്യേക പരിപാടിയിലാണ് സയനോര ഇക്കാര്യം തുറന്ന് പറഞ്ഞത്. സ്‌കൂള്‍ കാലഘട്ടം മുതല്‍ നേരിടുന്ന അവഗണന ഗായിക ആയപ്പോഴും തുടരുകയാണെന്ന് താരം പറയുന്നു. പല വലിയ ഷോകളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ടെന്ന് സയനോര പറയുന്നു.

സയനോരയുടെ വാക്കുകള്‍ ഇങ്ങനെ, ‘മാറ്റി നിര്‍ത്തപ്പെട്ടതാണോ എന്നെനിക്കറിയില്ല. പക്ഷെ തഴയപ്പെട്ടതായി തോന്നിയിട്ടുണ്ട്. വലിയ ഷോകള്‍ നടക്കുമ്പോള്‍ എന്നെ വിളിക്കാറില്ല. അത് എന്തുകൊണ്ടാണെന്ന് നമ്മള്‍ തീര്‍ച്ചയായും നോക്കിക്കാണേണ്ടതാണ്. പക്ഷെ അതൊക്കെ സമൂഹത്തിന്റെ തന്നെ പ്രശ്‌നങ്ങളാണ്. നമ്മള്‍ വളര്‍ന്ന് വരുമ്പോള്‍ പഠിച്ച ചില പാഠങ്ങള്‍, കാലങ്ങളായി അറിഞ്ഞ് വരുന്ന കാര്യങ്ങളെല്ലാം ശരിയാണോ തെറ്റാണോ എന്ന ചോദ്യം ചോദിക്കാനുള്ള തിരിച്ചറിവ് എല്ലാവരിലും ഉണ്ടാവണം. അത് തെറ്റാണെങ്കില്‍ നമ്മള്‍ അത് മനസിലാക്കാനും പഠിക്കണം. അത്തരം ചെറിയ കാര്യങ്ങളാണ് ഞാന്‍ എപ്പോഴും പറഞ്ഞിട്ടുള്ളത്. ഞാന്‍ അത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാറുണ്ട്. പക്ഷെ അതിനനുസരിച്ച് അവര്‍ മാറിയോ എന്നെനിക്കറിയില്ല.ജീവിതത്തില്‍ അവഗണിക്കാന്‍ ഒരുപാട് ആളുകള്‍ ഉണ്ടാവും. താന്‍ തഴയപ്പെടേണ്ട വ്യക്തിയാണെന്ന് സ്വയം തോന്നുമ്പോഴാണ് പ്രശ്‌നം. അല്ലാതെ മാറ്റി നിര്‍ത്തുന്നവര്‍ ഒരു വിഷയമല്ല. സ്വന്തം കഴിവ് മനസിലാക്കാന്‍ കഴിഞ്ഞാല്‍ മുന്നോട്ട് തന്നെ പോവുക. വ്യക്തി എന്ന രീതിയില്‍ വളരാന്‍ സ്വയം പരിശ്രമിക്കണം.’

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് നിറത്തിന്റെ പേരില്‍ തഴയപ്പെട്ടിട്ടുണ്ട്. ചെറുപ്പത്തില്‍ ഡാന്‍സിനോട് ഇഷ്ടമുണ്ടായിട്ടും കളിക്കാന്‍ സാധിച്ചിട്ടില്ല. സ്‌കൂളിലെ ഡാന്‍സ് ഗ്രൂപ്പിലുണ്ടായിട്ടും നിറമില്ലാത്തതിന്റെ പേരില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. സയനോരയെ ഉള്‍പ്പെടുത്താന്‍ പറ്റില്ല, കാരണം മറ്റ് കുട്ടികള്‍ക്കൊക്കെ നിറമുണ്ട് എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അന്നും എനിക്ക് അത്തരം കാര്യങ്ങള്‍ അത്ഭുതമായിരുന്നു. ഒരാളുടെ നിറം നോക്കിയാണോ ഇഷ്ടപ്പെടുന്നതെന്ന് ഞാന്‍ ആലോചിച്ചിരുന്നു. പിന്നെയാണ് സൗഹൃദങ്ങളില്‍ പോലും നിറത്തിന് വലിയ പ്രാധാന്യമുണ്ടെന്ന പൊള്ളുന്ന സത്യം ഞാന്‍ മനസിലാക്കിയത്.

നമ്മള്‍ എപ്പോഴും ഒരാള്‍ ചെയ്യുന്ന തെറ്റിനെ ചൂണ്ടിക്കാണിക്കാനാണ് ശ്രമിക്കുന്നത്. അല്ലാതെ ആ തെറ്റ് എങ്ങിനെ ഉണ്ടായെന്ന് ആരും പരിശോധിക്കുന്നില്ല. എത്രയോ കാലമായി സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണിതെല്ലാം. ഒരമ്മക്ക് കറുത്ത കുട്ടി ജനിക്കുമ്പഴേക്കും, ‘അയ്യോ കുട്ടി കറുത്തല്ലോ’ എന്ന് പറയുന്ന സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അത്തരത്തിലുള്ള സമൂഹത്തില്‍ നിന്ന് സ്വയം നമുക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന വിശ്വാസം ഉണ്ടാക്കിയെടുക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. എന്നാല്‍ ഇപ്പോള്‍ ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. പലരും ഇരുണ്ട നിറത്തെ സ്‌നേഹിക്കുന്നു.

തന്നോട് നിറമില്ലാത്തു കൊണ്ട് ഡാന്‍സിനെടുക്കില്ലെന്ന് പറഞ്ഞ ടീച്ചറെ അല്ല കുറ്റപ്പെടുത്തേണ്ടത്. മറിച്ച് അവര്‍ വളര്‍ന്ന് വന്ന സാഹചര്യവും, കണ്ട് വളര്‍ന്നതുമൊക്കെയാണ് അതിന് കാരണം. കാഴ്ച്ചപ്പാടിന്റെ പ്രശ്‌നമാണത്. കാഴ്ച്ചപ്പാട് മാറ്റിയാല്‍ തന്നെ അത് ശരിയാകുമെന്നാണ് സയനോര അഭിപ്രായപ്പെട്ടത്. തന്നെ വലിയ പരിപാടികളില്‍ നിന്ന് മനപ്പൂര്‍വ്വം മാറ്റി ന്ിര്‍ത്തിയതാണെന്ന് വിശ്വസിക്കുന്നില്ല. പക്ഷെ അവഗണിക്കപ്പെട്ട അവസരങ്ങളുമുണ്ടായിട്ടുണ്ട്. അതെല്ലാം പഴയകാര്യങ്ങളാണ്. അതില്‍ തളരാതെ യാത്ര എപ്പോഴും മുന്നോട്ട് തന്നെയായിരിക്കണം.’