മുഖ്യമന്ത്രിയാകാൻ തനിക്ക് ധൃതിയില്ലെന്നും എന്തിനും താൻ തയ്യാറാണെന്നും ശശി തരൂർ

തിരുവനന്തപുരം. മുഖ്യമന്ത്രിയാകാൻ തനിക്ക് ധൃതിയില്ലെന്നും എന്തിനും താൻ തയ്യാറാണെന്നും ശശി തരൂർ. ചർച്ചയിലൊക്കെ ഭാവിയെ കുറിച്ച് ചിന്തിക്കുന്ന ഒരു വ്യക്തിയായിട്ടാണ് എന്നെ പലരും കാണുന്നത്. നാളയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ എന്നായിരുന്നു കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ എന്റെ മുദ്രാവാക്യം.

ആ നാളെയെ കുറിച്ച് ഞാൻ ഇപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നുണ്ട് തരൂർ പറഞ്ഞു. രാഷ്ട്രീയ നേതാക്കളേയും സമുദായ നേതാക്കളേയും മാത്രമല്ല വിവിധ എൻജിഒകളേയും അസോസിയേഷൻ ഭാരവാഹികളേയും അടക്കം ദിവസവും കാണുന്നുണ്ട്. എന്നാൽ, സമുദായ നേതാക്കളെ കാണുന്നതും രാഷ്ട്രീയ നേതാക്കളെ സന്ദർശിക്കുന്നതും മാത്രമാണ് വാർത്തയും ചർച്ചയുമാകുന്നത്.

മാധ്യമങ്ങളുടെ ശ്രദ്ധപോലെയല്ല തന്റെ ശ്രദ്ധയെന്നും തരൂർ വ്യക്തമാക്കി. ആരെങ്കിലും എന്നെ കാണണമെന്ന് പറഞ്ഞാൻ സമയമില്ലെന്ന് പറഞ്ഞ് ഒഴിയാനാകില്ല. കേരളം എന്റെ കർമഭൂമിയായി കാണുന്നു. കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ എല്ലാ നേതാക്കളേയും കാണേണ്ടിവരും. ഒരു എംപിയായി എല്ലാവരേയും കാണുന്നത് എന്റെ കൂടി താത്പര്യമാണ്. മുഖ്യമന്ത്രിയാകാൻ താത്പര്യമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് പറയാൻ എനിക്ക് സാധിക്കില്ല.

2026 വരെ നമുക്ക് കാത്തിരിക്കണം. ഇപ്പോൾ നമുക്കൊരു മുഖ്യമന്ത്രിയുണ്ട് അദ്ദേഹത്തിന് ഭൂരിപക്ഷവുമുണ്ട്. അതുകൊണ്ട് മൂന്ന് വർഷം നമുക്ക് കാത്തിരിക്കണം. അതിന് മുമ്പ് 2024-ലെ തിരഞ്ഞെടുപ്പുണ്ട്. അപ്പോൾ എല്ലാം പാർട്ടിയും ജനങ്ങളും തീരുമാനിക്കും എന്താണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.