എസ് എസ് എല്‍ സി ഫലം തമാശയായിരുന്നെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം/ കഴിഞ്ഞ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തമശായായിരുന്നുവെന്ന വിവാദ പരാമര്‍ശത്തിന് വിശദീകരണം നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

കോവിഡിന്റെ സാഹചര്യത്തിലായിരുന്നു കഴിഞ്ഞ വര്‍ഷം പരീക്ഷകള്‍ നടന്നത്. ഈ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കുട്ടികള്‍ മികച്ച വിജയമാണ് നേടിയത്. എന്നാല്‍ അന്ന് പ്രധാനമായും ചര്‍ച്ചയായത് ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് എ പ്ലസ് ലഭിച്ച കാര്യമാണ്. ഇതിനെ പലരും ആക്ഷേപിക്കുന്ന സാഹചര്യമുണ്ടായി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് വ്യക്തമാക്കുകയാണ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

പല സര്‍വകലാശാലകളും എസ് എസ് എല്‍ സി ഫലത്തെ വിമര്‍ശിച്ചുവെന്നും പരീക്ഷയുടെ മാര്‍ക്ക് ഉന്നത പഠന പ്രവേശനത്തിന് അംഗീകരിക്കില്ലെന്നും പറഞ്ഞിരുന്നു. ഈ സാഹച്യങ്ങളെല്ലാം വിശദീകരിച്ച അവസരത്തിലാണ് തന്റെപരാമര്‍ശം തെറ്റായി വ്യഖ്യാനിക്കപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു.