ഒത്തുപോകാന്‍ പറ്റില്ലെങ്കില്‍ ഭര്‍ത്താവ് അല്ല , ഏത് മറ്റവനാണെങ്കിലും ബന്ധത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് തല ഉയര്‍ത്തി നില്‍ക്കാന്‍ എല്ലാ സ്ത്രീകളും തയ്യാറാകണം

കഴിഞ്ഞ ദിവവസം നടി മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു,. ചിത്രത്തെ പുകഴ്ത്തി നിരവധി പേര്‍ രംഗത്ത് ത്തെുകയും ചെയ്തു. ഇപ്പോള്‍ സംഭവത്തില്‍ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കല്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാവുകയാണ്. മഞ്ജു വാര്യറുടെ ഫോട്ടോ വയറലാകുന്നതെന്തുകൊണ്ടെന്നാല്‍ അതീ സമൂഹം കല്‍പ്പിച്ചുകൊടുത്ത ഫേക്ക് മൊറാലിറ്റിക്കുളള അടി ആയതിനാലാണ്. മഞ്ജുവാര്യറുടെ ജീവിതം ഡയറക്ടായും ഇന്‍ഡയറക്ടായും ബന്ധപ്പെട്ട് കിടക്കുന്നത് ധാരാളം ഫെമിനിസ്റ്റ് മൂവ്‌മെന്റുകളുമായിട്ടാണ്.- ശ്രീലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.

ശ്രീലക്ഷ്മി അറക്കലിന്റെ കുറിപ്പ്, മഞ്ജു വാര്യറുടെ ഫോട്ടോ വയറലാകുന്നതെന്തുകൊണ്ടെന്നാല്‍ അതീ സമൂഹം കല്‍പ്പിച്ചുകൊടുത്ത ഫേക്ക് മൊറാലിറ്റിക്കുളള അടി ആയതിനാലാണ്. മഞ്ജുവാര്യറുടെ ജീവിതം ഡയറക്ടായും ഇന്‍ഡയറക്ടായും ബന്ധപ്പെട്ട് കിടക്കുന്നത് ധാരാളം ഫെമിനിസ്റ്റ് മൂവ്‌മെന്റുകളുമായിട്ടാണ്. ഈ സമൂഹത്തില്‍ ഇന്നും ആഴത്തില്‍ വേരോടുന്ന ഒരു സമ്പ്രദായം ആണ് വിവാഹം.

ഒരു പെണ്‍കുട്ടി അവളുടെ ആദ്യ ആര്‍ത്തവം ആകുന്നതുമുതല്‍ മരിക്കുന്നിടം വരെ വിവാഹം എന്ന വൃത്തികെട്ട ഇന്‍സ്റ്റിറ്റിയൂഷനുമായി ബന്ധപ്പെട്ട് ജീവിക്കാന്‍ വിധിക്കപ്പെട്ടവളാണ്. മിക്ക കുടുംബത്തിലേയും പെണ്‍കുഞ്ഞുങ്ങളെ അടുക്കളയില്‍ കയറ്റുന്നതും ‘ നാളെ നീ വേറൊരു വീട്ടില്‍ ചെന്നു കയറാനുളളതല്ലേ’ എന്ന് പറഞ്ഞാണ്. മരത്തില്‍ കയറിയാല്‍, മുട്ടിനുമുകളിലുളള വസ്ത്രം ധരിച്ചാല്‍ , ആണ്‍കുട്ടികളുടെ കൂടെ ബൈക്കില്‍ യാത്ര ചെയ്താല്‍ , രാത്രി 6 മണി കഴിഞ്ഞ് വീട്ടില്‍ കയറിയാല്‍ , എല്ലാം അവളേ ഈ ഒരു ഡയലോഗ് തേടി വരും. അതായത് ഉത്തമാ ഒരു പെണ്‍കുട്ടിയുടെ അദ കാര്യങ്ങളില്‍ അവളെ തടയിടുന്നത് ഈ വിവാഹം എന്ന ഏര്‍പ്പാടിന് വേണ്ടിയാണ്.

വടക്കന്‍ കേരളത്തിലേക്കാളേറേ ഭീകരമാണ് തെക്കന്‍കേരളത്തില്‍ പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ കാര്യം. കാരണം വടക്കന്‍ കേരളത്തിന്റെ പത്തിരട്ടി സ്ത്രീധനമാണ് തെക്കന്‍ ജില്ലക്കാര്‍ മേടിക്കുകയും കൊടുക്കുകയും ചെയ്യുന്നത്. 1961 ഇല്‍ dowry prohibition act വന്നെങ്കിലും ആ നിയമം ആരും പാലിക്കാറില്ല. സ്ത്രീധനത്തിന്റെ കാര്യത്തില്‍ മാത്രം ആരും ‘ അയ്യോ..നിയമം കൈയ്യിലെടുത്തേ ‘ എന്ന് നിലവിളിക്കാറും ഇല്ല. മിക്ക വിവാഹബന്ധങ്ങളിലും ഗാര്‍ഹിക പീഡനം നടക്കുന്നതിന്റെ ഒന്നാമത്തെ കാരണം സ്ത്രീധനത്തെ ചൊല്ലിയുണ്ടാകുന്ന തര്‍ക്കമാണ്. ഈ അടുത്ത് നടന്ന ഉത്ര കൊലപാതക കേസ് ഒക്കെ അതിന് ഉത്തമ ഉദാഹരണമാണ്. വിവാഹം എന്ന ഇന്‍സ്റ്റിറ്റിയൂഷനോടെ ഇല്ലാതായി പോകുന്നത് ഒരു പെണ്‍കുട്ടിയുടെ കാലിബറും സ്വപ്നങ്ങളും ആണ്. സ്വതന്ത്രയായി ജീവിക്കാനോ ഇഷ്ടമുളള വസ്ത്രം ധരിക്കാനോ , ഇഷ്ടമുളള സ്ഥലത്ത് ഇഷ്ടമുളളപ്പോള്‍ യാത്ര ചെയ്യാനോ അവര്‍ക്ക് സാധിക്കാറില്ല.

പണ്ടത്തെ സ്ത്രീകളെ അടുക്കളില്‍ തളച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ സ്ത്രീകള്‍ വിദ്യാഭ്യാസം നേടി ജോലി സമ്പാദിച്ചതോടെ പുറത്തേ ജോലിക്ക് ഒപ്പം പരമ്പരാഗതമായി തുടര്‍ന്നുവന്ന അടുക്കള ജോലിയും വീട്ടുജോലിയും എടുക്കേണ്ട ഗതികേടാണ്. മിക്ക സ്ത്രീകളും ഒഴിവുദിവസമായ ഞായറാഴ്ച വീട്ടിലെ എല്ലാവരുടേയും തുണി കഴുകി ഇടുന്നതും ഒരാഴ്ചത്തേക്കുളള ദോശമാവ് അരച്ച് ഫ്രിഡ്ജില്‍ വെച്ചിട്ട് ജോലി സ്ഥലത്തേക്ക് പോരുന്നതുമൊക്കെ വീട് എന്ന തൊഴിലിടത്ത് സമത്വവും നീതിയും ഇല്ലാത്തതിനാലാണ്. മഞ്ജു വാര്യര്‍ നല്ല കഴിവുളള ഒരു നടി ആയിരുന്നു. പതിനെട്ട് വയസ്സിനുളളില്‍ തന്നെ തന്റെ പേര് അവര്‍ സ്വര്‍ണ്ണലിപികളില്‍ എഴുതിയിട്ടു. അവരുടെ വിവാഹം കഴിഞ്ഞതൊടെ ആ പെണ്‍കുട്ടിയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പാഷനും എല്ലാം നിര്‍ബന്ധിച്ച് മൂടി വെപ്പിച്ചു. എല്ലാ സ്ത്രീകളും വീഴുന്ന ‘സ്‌നേഹം’ എന്ന ഇമോഷണല്‍ ഡ്രാമയിലാണ് അവരും വീണുപോയതെന്ന് നിസംശയം പറയാം.

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ആ സ്ത്രീ ആ ബന്ധം വലിച്ചെറിഞ്ഞ് ഇനിയെങ്കിലും തനിക്ക് എന്റെ സ്വപ്നങ്ങളുടെ പുറകേ പോകണം എന്ന് പറഞ്ഞ്, ആ വിഷം നിറഞ്ഞ ബന്ധത്തില്‍ നിന്ന് പുറത്ത് വന്നപ്പോള്‍, ഈ പുരുഷ കേന്ദ്രീകൃത മനോഭാവ സമൂഹം അവരെ കല്ലെറിഞ്ഞു. പുരുഷ കേന്ദ്രീകൃത മനോഭാവ സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ ഡിവോഴ്‌സ് എന്ന സിസ്റ്റത്തോടുളള വെറുപ്പ് ഇന്നും ഭൂരിപക്ഷം ജനങ്ങളില്‍ തുടരുകയാണ്.ഡിവോഴ്‌സ് എന്നത് ഒരു നാണം കെട്ട പ്രക്രിയ ആണെന്നുളള മിഥ്യാധാരണ സമൂഹത്തിലാകെ പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. കേരളം പോലെയൊരു പുരുഷ കേന്ദ്രീകൃത മനോഭാവ സമൂഹത്തില്‍ ഡിവോഴ്‌സുകളുടെ എണ്ണം കൂടുന്നതിനെ വളരെ വലിയ , നല്ലൊരു സാമൂഹിക മാറ്റമായി കാണാന്‍ ഇനിയും മലയാളികളെ ശീലിപ്പിക്കേണ്ടതുണ്ട്.

ഒത്തുപോകാന്‍ പറ്റില്ലെങ്കില്‍, തന്റെ സ്വപ്നങ്ങള്‍ക്ക് ഒരു വിലങ്ങുതടിയായി നില്‍ക്കുയാണെങ്കില്‍ , ഭര്‍ത്താവ് അല്ല , ഏത് മറ്റവനാണെങ്കിലും ആ ബന്ധത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് തല ഉയര്‍ത്തി ആത്മാഭിമാനത്തോടെ നില്‍ക്കാന്‍ എല്ലാ സ്ത്രീകളും തയ്യാറാകേണ്ടതുണ്ട്. പുരുഷന്‍മാരേപ്പോലെതന്നെ സ്ത്രീകള്‍ ലൈംഗീകത ഇഷ്ടപ്പെടുന്നവരും അതിനെപ്പറ്റി സംസാരിക്കാനും താല്‍പര്യപ്പെടുന്നവര്‍ തന്നെയാണ്. എന്നിട്ടും സ്ത്രീകള്‍ ഒരു വാക്ക് ലൈംഗീകതയേപ്പറ്റി പറയാത്തത് ‘പോക്ക് പെണ്ണിനെ ആര് വിവാഹം കഴിക്കും?’ എന്ന സമൂഹത്തിന്റെ ചോദ്യം ഭയന്നാണ്. സ്ത്രീയേ അടക്കവും ഒതുക്കവുമുളള പാവകളാക്കി നിര്‍ത്തുന്നത് വിവാഹമാര്‍ക്കെറ്റില്‍ വളരെ എളുപ്പത്തില്‍ വിറ്റുപോവാനായി ആണ്. അതു സ്വയം മനസ്സിലാക്കി ഓരോ പെണ്‍കുട്ടിയും വിവാഹം എന്ന പുരുഷകേന്ദ്രീകൃത സമൂഹ വിചാരത്തില്‍ നിന്നും പുറത്തേക്ക് വരട്ടേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.