പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല

ന്യൂഡല്‍ഹി. രാജ്യത്തെ പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല. ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഹര്‍ജി പരിഗണിക്കുവാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ ഹര്‍ജിക്കാരന്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.

സുപ്രീംകോടതി അഭിഭാഷകനായ സിആര്‍ ജയ സുകിന്‍ ആണ് ഹര്‍ജി നല്‍കിയത്. ഭരണഘടന അനുസരിച്ച് രാഷ്ട്രപതിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്നായിരുന്നു വാദം. ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കോടതിക്ക് ബാധ്യതയില്ല, എന്ത് കൊണ്ടാണ് നിങ്ങള്‍ ഇത്തരം ഹാര്‍ജികള്‍ നല്‍കുന്നതെന്നാണ് ഞങ്ങള്‍ക്ക് അറിയാം എന്നും കോടതി വ്യക്തമാക്കി.

അതേസമയം പാര്‍ലമെന്റ് ഉദ്ഘാടനം കോണ്‍ഗ്രസ് ഉള്‍പ്പെടെ ബഹിഷ്‌കരിച്ചെങ്കിലും പങ്കെടുക്കുമെന്ന് നിരവധി പ്രതിപക്ഷ പാര്‍ട്ടികളാണ് വ്യക്തമാക്കിയത്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെ 19 പാര്‍ട്ടികളാണ് പങ്കെടുക്കില്ലെന്ന് അറിയിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28ന് 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും