ബോൾഡായിരുന്നു അമ്മ, പക്ഷെ മോശം കമന്റൊക്കെ കണ്ടാൽ ഇരുന്ന് കരയുമായിരുന്നു: അശ്വതി ശ്രീകാന്ത്

മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകയിൽ നിന്ന് അഭിനേത്രിയായി എത്തിയപ്പോഴും ആ പ്രേക്ഷകപ്രിയം കാത്തുസൂക്ഷിക്കാൻ അശ്വതിക്കായി. രണ്ടാമത് ​ഗർഭിണിയാപ്പോൾ അശ്വതി അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. നീണ്ട പത്തുവർഷത്തെ പ്രണയത്തിന് ശേഷമാണ് അശ്വതിയും ശ്രീകാന്തും വിവാഹിതരാകുന്നത്. തന്റെ പ്രണയവും വിവാഹവുമൊക്കെ വീട്ടിൽ വലിയ പ്രശ്‌നങ്ങളായിരുന്നുവെന്ന് പറയുകയാണ് അശ്വതിയിപ്പോൾ. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ശ്രീകാന്തിനെ അശ്വതി വിവാഹം കഴിക്കുന്നത്.

ഇപ്പോളിതാ അമ്മയെക്കുറിച്ച് പറയുകയാണ് അശ്വതി. എന്റെ അമ്മ എന്നിൽ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. അമ്മ വളരെ ധൈര്യശാലിയായിരുന്നു. ഒരു സാധാരണ സ്ത്രീ ജീവിതത്തിൽ കടന്നു പോകുന്ന സംഭവങ്ങളിലൂടെയൊന്നുമല്ല അമ്മ കടന്നുപോയത്. വളരെയേറെ സ്ട്രഗിൾ ചെയ്തിരുന്നു അമ്മ. സാമ്പത്തികമായ ബുദ്ധിമുട്ടുകളും രോഗങ്ങൾ മൂലമുള്ള ബുദ്ധിമുട്ടുകളും അമ്മ നേരിട്ടിരുന്നു. എന്റെ അച്ഛൻ വിദേശത്തായിരുന്നു. അതുകൊണ്ട് തന്നെ അമ്മ പല കാര്യങ്ങളും ഒറ്റയ്ക്ക് തന്നെയാണ് നോക്കിയത്.

അന്നത്തെ കാലത്ത് ഫോണിൽ പോലും പലപ്പോഴും അച്ഛനെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. അപ്പോഴൊക്കെ പല നിർണായക തീരുമാനങ്ങളും അമ്മ ഒറ്റയ്ക്ക് തന്നെയാണെടുത്തത്. മുത്തശ്ശി ഞങ്ങളുടെ കൂടെയായിരുന്നു താമസം. മുത്തശ്ശി മരിച്ച സമയത്ത് ചിത കത്തിച്ചത് പോലും എന്റെമ്മയാണ്. ഹിന്ദു മതത്തിൽ വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യമായിരുന്നു അത്. പക്ഷേ അത്രയ്ക്ക് ബോൾഡായിരുന്നു അമ്മ. എപ്പോഴും എന്നോട് പറയുമായിരുന്നു ബോൾഡ് ആയിരിക്കണമെന്നും, ഇൻഡിപ്പെൻഡന്റ് ആയിരിക്കണമെന്നും. പക്ഷെ മോശം കമന്റൊക്കെ കണ്ടാൽ ഇരുന്ന് കരയുന്നൊരു ആളായിരുന്നു താൻ.