നാമനിർദേശ പത്രിക സമർപ്പിച്ച് സുരേഷ് ഗോപി, വൻ ജനപങ്കാളിത്തത്തോടെ റോഡ് ഷോ

തൃശൂർ : തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ പാറമേക്കാവ് ക്ഷേത്രത്തിലെത്തി ദർശനം നടത്തിയ ശേഷമാണ് സുരേഷ് ​ഗോപി നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. വൻ ജനപങ്കാളിത്തമാണ് റോഡ് ഷോയിൽ ദൃശ്യമായത്. തൃശൂർ ലോകസഭ മണ്ഡലത്തിലെ തീരദേശ മത്സ്യത്തൊഴിലാളികളാണ് സുരേഷ് ഗോപിക്കായി കെട്ടിവെക്കാനുള്ള തുക നൽകിയത്.

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സുരേഷ് ​ഗോപി ജനപിന്തുണ തേടിയിരുന്നു. ഇതുവരെ തനിക്ക് നൽകിയ സ്നേഹവും കരുതലും പ്രാർത്ഥനയും ഇനി അങ്ങോട്ടും ഉണ്ടാകണമെന്ന്‌ സുരേഷ് ​ഗോപി അഭ്യർത്ഥിച്ചു. അതേസമയം, തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ, വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ എന്നിവരും രാവിലെ പത്രിക സമർപ്പിച്ചു.

പത്തനംതിട്ട എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി, കൊല്ലം എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ ജി, ആലത്തൂർ എൻഡിഎ സ്ഥാനാർത്ഥി ഡോ. ടി എൻ സരസു, കോഴിക്കോട് എൻഡിഎ സ്ഥാനാർത്ഥി എം ടി രമേശ്, ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ തുടങ്ങിയവർ കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.